കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് വാക്സിനേഷൻ നടപടികൾക്കു മേൽനോട്ടം വഹിക്കാനായി ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹിെൻറ അധ്യക്ഷതയിൽ പ്രത്യേക സമിതി രൂപവത്കരിച്ചു.കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. ആരോഗ്യമന്ത്രാലയത്തിനു പുറമെ ആഭ്യന്തരമന്ത്രാലയം, കാബിനറ്റ് സെക്രേട്ടറിയറ്റ്, പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ, സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്നോളജി എന്നിവയുടെ പ്രതിനിധികളും ഉൾപ്പെടുന്നതാണ് സമിതി. വാക്സിൻ ലഭ്യമാക്കുന്നതിനായി മൂന്ന് അന്താരാഷ്ട്ര കമ്പനികളുമായി ധാരണയിലെത്തിയിട്ടുണ്ട്.
ആസ്ട്ര, ഫൈസർ, മോഡേണ എന്നീ അന്താരാഷ്ട്ര കമ്പനികളാണ് കുവൈത്തിൽ കോവിഡ് വാക്സിൻ ലഭ്യമാക്കുക. വാക്സിൻ പരീക്ഷണം പൂർത്തിയാക്കിയ നിരവധി കമ്പനികളിൽനിന്ന് കൂടുതൽ ഫലപ്രദമെന്ന് വിലയിരുത്തിയാണ് മൂന്നു കമ്പനികളെ തെരഞ്ഞെടുത്തത്. ജനുവരിയിൽ വാക്സിെൻറ ആദ്യ ബാച്ച് വിതരണത്തിന് തയാറാകുമെന്നാണ് വിവരങ്ങൾ.ആദ്യഘട്ടത്തിൽ കുവൈത്ത് പൗരന്മാർക്കായി പത്തുലക്ഷം ഡോസുകളാണ് ലഭ്യമാക്കുക.ആരോഗ്യപ്രവർത്തകർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരക്കാർ, പ്രായമായവർ, രോഗികൾ എന്നിവർക്കു മുൻഗണന നൽകും.
കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിെൻറ അജണ്ടയിൽ വാക്സിനേഷൻ വിഷയം ഉൾപ്പെടുത്തിയിരുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള കോവിഡ് വാക്സിൻ സ്വീകരിക്കൽ ഐച്ഛികമായിരിക്കുമെന്നും ആരെയും നിർബന്ധിക്കില്ലെന്നും ആരോഗ്യമന്ത്രാലയം നേരേത്ത വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.