കുവൈത്ത് സിറ്റി: രാജ്യത്തെ ബീച്ചുകളും ദ്വീപുകളും വൃത്തിയായി സൂക്ഷിക്കാൻ പരിസ്ഥിതി പൊലീസിന്റെ സഹായത്തോടെ എൻവയൺമെന്റ് പബ്ലിക് അതോറിറ്റി (ഇ.പി.എ) പ്രത്യേക കാമ്പയിൻ ആരംഭിച്ചു.
ഇ.പി.എ ജുഡീഷ്യൽ ഓഫിസർമാർ ബീച്ചുകളുടെയും ദ്വീപുകളുടെയും ശുചിത്വം നിലനിർത്തുന്നതിനുള്ള നിരന്തര പ്രചാരണം തുടർന്നുവരുകയാണ്. ശുചിത്വ ബോധവത്കരണം, നിയമലംഘകർക്കെതിരായ നടപടി എന്നിവയിലൂടെ ബീച്ചുകളും ദ്വീപുകളും വൃത്തിയോടെയും പരിസ്ഥിതിക്ക് അനുകൂലമായും സംരക്ഷിക്കുകയാണ് ലക്ഷ്യം.
കര, സമുദ്ര തീരങ്ങൾ വൃത്തിയാക്കാനും ജീവജാലങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ഇ.പി.എ കാമ്പയിനുകൾ ആരംഭിക്കുന്നുമുണ്ട്. പൊതുസ്ഥലത്ത് മാലിന്യം തള്ളൽ, ജീവജാലങ്ങളെ ഉപദ്രവിക്കൽ എന്നിവക്കെതിരായ നടപടി ശക്തമാക്കുമെന്നും ഇത്തരത്തിലുള്ള പ്രവൃത്തികൾക്ക് 5,000 ദീനാർ പിഴ ചുമത്തുമെന്നും ഇ.പി.എ ആക്ടിങ് ഡയറക്ടർ ജനറൽ സമീറ അൽ കന്ദരി പറഞ്ഞു.
ഹവല്ലി, മുബാറക് അൽ കബീർ ബീച്ചുകളിൽ പ്രത്യേക സംഘം പരിശോധന നടത്തിയതായും മാലിന്യം തള്ളിയതിനും നിരോധിത മത്സ്യബന്ധന ഉപകരണങ്ങൾ ഉപയോഗിച്ചതുമായ 15 സംഭവങ്ങളിൽ നടപടി സ്വീകരിച്ചതായും അവർ അറിയിച്ചു.
പ്രസക്തമായ പാരിസ്ഥിതിക നിയമങ്ങൾ പാലിക്കാനും പരിസ്ഥിതി സംരക്ഷിക്കുന്നതിൽ സംഭാവന നൽകാനും അൽ കന്ദരി പൗരന്മാരോടും പ്രവാസികളോടും അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.