കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ചതിെൻറ 60ാം വാർഷികത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി, നാഷനൽ കൗൺസിൽ ഫോർ കൾചർ-ആർട്ട് ആൻഡ് ലിറ്ററേച്ചറുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 'സ്പ്ലെൻഡേഴ്സ് ഓഫ് ഇന്ത്യ' ഫെസ്റ്റിവൽ ശനിയാഴ്ച നടക്കും.
ശനിയാഴ്ച രാവിലെ 11ന് ദാർ അൽ-അതർ അൽ-ഇസ്ലാമിയ്യ മ്യൂസിയം- യർമൂക്ക് കൾചറൽ സെൻററിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്യും.
11.15 മുതൽ രാത്രി എട്ടുവരെ എക്സിബിഷൻ ഹാളിൽ ഇന്ത്യൻ ഉൽപന്നങ്ങളുടെ പ്രദർശനമുണ്ടാകും. ഇതേസമയത്ത് ദീവാനിയയിൽ പുസ്തകപ്രദർശനവുമുണ്ടാകും.
വൈകീട്ട് മൂന്നുമുതൽ ആറുവരെ ചൈതാലി റോയിയുടെ നേതൃത്വത്തിൽ പുസ്തകവായന. സെമിനാർ ഹാളിൽ ആയുഷ് ഫെസ്റ്റിവൽ നടക്കും. രാവിലെ 11.15 മുതൽ ഉച്ചക്ക് 12 വരെ യോഗ പ്രദർശനമുണ്ടാകും.
അമൃതയോഗ, കുവൈത്ത് യോഗ മീറ്റ്, ആർട്ട് ഓഫ് ലിവിങ്, ഹാർമണി ഹൗസ് എന്നിവയാണ് ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. ഉച്ചക്ക് രണ്ടുമുതൽ രണ്ടര വരെ കളരിപ്പയറ്റ് പ്രദർശനം.
വൈകീട്ട് മൂന്നുമുതൽ 3.45 വരെ യോഗ പ്രദർശനം, യോഗ നൃത്തം എന്നിവയുണ്ടാകും.
രാവിലെ 11.15 മുതൽ രാത്രി എട്ടുവരെ കോർട്ട്യാഡിൽ ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ ഉണ്ടാകും. ലൈവ് മ്യൂസിക് ആൻഡ് ഡാൻസ്, ഫുഡ് സ്റ്റാൾ, മെഹന്ദി, ഫ്ലാഷ് മോബ് എന്നിവയാണ് ഇതോടനുബന്ധിച്ച് ഒരുക്കിയത്.
ഓഡിറ്റോറിയത്തിൽ സാംസ്കാരികോത്സവം നടക്കും. രാവിലെ 11.50ന് അംബാസഡർ സംസാരിക്കും. ഉച്ചക്ക് 12 മുതൽ 2.15 വരെ 'ഇംഗ്ലീഷ് വിംഗ്ലീഷ്' എന്ന ഇന്ത്യൻ സിനിമ അറബിക് സബ്ടൈറ്റിലോടെ പ്രദർശിപ്പിക്കും.
വൈകീട്ട് മൂന്നുമുതൽ 5.30 വരെ 'ഷാദി മെയ്ൻ സറൂർ ആനാ' എന്ന സിനിമ പ്രദർശിപ്പിക്കും. വൈകീട്ട് ആറുമുതൽ എട്ടുവരെ സാംസ്കാരികപരിപാടികളും ഉണ്ടാകുമെന്ന് ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.