കുവൈത്ത് സിറ്റി: ജി.സി.സി രാഷ്ട്രങ്ങൾക്കിടയിലുള്ള ബന്ധവും സഹകരണവും ശക്തമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി കുവൈത്ത് സംഘം ബഹ്റൈൻ സന്ദർശിച്ചു. ആഭ്യന്തരമന്ത്രാലയ അണ്ടർ സെക്രട്ടറി ലഫ്. ജനറൽ അൻവർ അബ്ദുല്ലത്തീഫ് അൽ ബർജാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബഹ്റൈനിൽ എത്തിയത്. കുവൈത്ത് സംഘത്തെ സ്വാഗതം ചെയ്ത ബഹ്റൈൻ ആഭ്യന്തരമന്ത്രി ലഫ്. ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ സുരക്ഷാ മേഖലയിൽ കുവൈത്തുമായി തന്ത്രപ്രധാന പങ്കാളിത്തമാണ് തങ്ങൾക്കെന്ന് വ്യക്തമാക്കി. പരസ്പരസ്പര സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു. സുരക്ഷാമേഖലയിൽ സഹകരണം വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കും അദ്ദേഹം വിരൽചൂണ്ടി.
സംയുക്ത സുരക്ഷാസമിതി യോഗവും ഇതോടനുബന്ധിച്ച് ചേർന്നു. മയക്കുമരുന്നിനെതിരെ ബഹ്റൈൻ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ അൻവർ അബ്ദുല്ലത്തീഫ് അൽ ബർജാസ് പ്രശംസിച്ചു. കൂടിക്കാഴ്ചയിൽ പബ്ലിക് സെക്യൂരിറ്റി ചീഫ്, നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റസിഡന്റ്സ് അഫയേഴ്സ് അണ്ടർ സെക്രട്ടറി, ഇൻസ്പെക്ടർ ജനറൽ, ജനറൽ അഡ്മിനിസ്ട്രേറ്റർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.