കുവൈത്ത് സിറ്റി: ഗസ്സയിൽ ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണങ്ങളും നിരപരാധികളെ കൊന്നൊടുക്കുന്നതും കുവൈത്തിനെ ആഴത്തിൽ ബാധിച്ചതായി കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്. ഇസ്രായേൽ സേനയുടെ തുടർച്ചയായ വ്യോമാക്രമണങ്ങൾ ഗസ്സയിലെ നിരവധി കുട്ടികളടക്കം ആയിരക്കണക്കിന് പേരുടെ മരണത്തിനുകാരണമായി. വൈദ്യുതി, വെള്ളം, ഭക്ഷണം, ഇന്ധനം എന്നിവ വിച്ഛേദിക്കപ്പെട്ടു.
ഗസ്സയിലെ ജനങ്ങളെ നിർബന്ധിതമായി കുടിയിറക്കുകയാണെന്നും കിരീടാവകാശി പറഞ്ഞു. കൈറോയിൽ നടന്ന സമാധാന ഉച്ചകോടിയിൽ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രതിനിധിയായി സംസാരിക്കുകയായിരുന്നു കിരീടാവകാശി. പ്രശ്നം പരിഹരിക്കാനും അക്രമം അവസാനിപ്പിക്കാനും അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങളുടെ അഭാവമാണ് ഈ പ്രതിസന്ധിക്ക് കാരണം. ഇസ്രായേൽ അധിനിവേശ സേനയുടെ ലംഘനങ്ങൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ അന്താരാഷ്ട്ര സമൂഹത്തിന് ഇരട്ടത്താപ്പ് ഉണ്ട്. ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങൾക്കെതിരെ കുവൈത്തിന്റെ അപലപനം കിരീടാവകാശി ആവർത്തിച്ചു.
ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കാനും സാധാരണക്കാരെ സംരക്ഷിക്കാനും ഗൗരവമായ നടപടി സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ഗസ്സയിലെ ജനങ്ങൾക്ക് മാനുഷിക സഹായം എത്തിക്കുന്നതിന് സുരക്ഷിതമായ വഴികൾ തുറക്കാനും ആഹ്വാനം ചെയ്തു. നിർബന്ധിത കുടിയിറക്കൽ ശ്രമങ്ങളോടുള്ള കുവൈത്തിന്റെ വിസമ്മതം കിരീടാവകാശി വ്യക്തമാക്കി. 1967 ജൂണിലെ ഉടമ്പടി പ്രകാരമുള്ള അതിർത്തിരേഖകളോടെ ഫലസ്തീനികളുടെ സ്വതന്ത്രരാജ്യമെന്ന അവകാശത്തിന് കുവൈത്ത് പിന്തുണ തുടരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമാധാനമാണ് ഏക പരിഹാരം. അന്താരാഷ്ട്ര നിയമങ്ങളുടെയും കൺവെൻഷനുകളുടെയും നിബന്ധനകൾ, അറബ് സമാധാന സംരംഭങ്ങൾ എന്നിവക്ക് ഇതിൽ വലിയ പങ്കുണ്ടെന്നും അദ്ദേഹം ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.