കുവൈത്ത് സിറ്റി: സാങ്കേതിക തകരാർ മൂലം പുറപ്പെടാൻ വൈകിയതോടെ യാത്രക്കാർ വിമാനത്തിൽ കുരുങ്ങിയത് മൂന്നു മണിക്കൂർ. ഞായറാഴ്ച കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്കുള്ള എയർഇന്ത്യ എക്സ്പ്രസാണ് മൂന്നു മണിക്കൂറോളം വൈകിയത്. ഉച്ചക്ക് 12.20 കുവൈത്തിൽനിന്നു പുറപ്പെടുന്ന വിമാനത്തിൽ യാത്രക്കാർ 12ന് കയറിയിരുന്നു. തുടർന്ന് വിമാനം റൺവേയിൽ അഞ്ചു മിനിറ്റോളം മുന്നോട്ടുപോയതിനു ശേഷമാണ് പ്രശ്നം ഉടലെടുത്തത്.
പെട്ടെന്ന് നിർത്തിയ വിമാനം പുറപ്പെടാൻ സമയമെടുക്കുമെന്ന് യാത്രക്കാരെ അറിയിച്ചു. വൈകാതെ പുറപ്പെടുമെന്ന പ്രതീക്ഷയിൽ യാത്രക്കാർ ഇരുന്നെങ്കിലും സമയം വൈകി. വിമാനത്തിലെ എ.സി പ്രവർത്തനം നിർത്തിയതോടെ കനത്ത ചൂടിൽ യാത്രക്കാർ വലഞ്ഞു. അവധി ആഘോഷിക്കാനായി നാട്ടിലേക്ക് തിരിക്കുന്ന നിരവധി സ്ത്രീകളും കുട്ടികളും അടക്കമുള്ള കുടുംബം യാത്രക്കാരായുണ്ടായിരുന്നു.
യാത്രക്ക് മൂന്നു മണിക്കൂർ മുമ്പ് രാവിലെ ഒമ്പതോടെ വിമാനത്താവളത്തിലെത്തിയതായിരുന്നു യാത്രക്കാർ. ദീർഘസമയം വിമാനത്തിൽ ഇരുന്നത് പലർക്കും ദുരിതമായി. വിശപ്പും ദാഹവും കൂടിയതോടെ പലരും വിമാന ജീവനക്കാരോട് ഒച്ചവെച്ചു. പ്രശ്നം എന്താണെന്ന് വിശദീകരിക്കാത്തതിനാൽ യാത്ര മുടങ്ങുമോ എന്നുകരുതി പലരും ആശങ്കയിലായി. ഒടുവിൽ ഉച്ചക്കുശേഷം മൂന്നരയോടെ വിമാനം പുറപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.