കുവൈത്ത് സിറ്റി: ഒഴിവുവന്ന പദവികളിലേക്ക് പുതിയ മന്ത്രിമാരെ നിയമിച്ച് കുവൈത്ത് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. സയ്യിദ് ജലാൽ അബ്ദുൽ മുഹ്സിന് അൽ തബ്താബായിയെ വിദ്യാഭ്യാസ മന്ത്രിയായും താരിഖ് സുലൈമാൻ അഹമ്മദ് അൽ റൂമിയെ എണ്ണ മന്ത്രിയായും നിയമിച്ചു. ഇത് സംബന്ധമായ ഉത്തരവ് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് പുറപ്പെടുവിച്ചു. പുതിയ മന്ത്രിമാർ ഭരണഘടന സത്യപ്രതിജ്ഞ ചെയ്തു.
ചടങ്ങിൽ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവർ പങ്കെടുത്തു.
നിലവിൽ ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ-നിക്ഷേപ സഹമന്ത്രിയുമായ മന്ത്രി നൂറ അൽ ഫസാം ഓയിൽ ആക്ടിങ് മന്ത്രിയായി ചുമതലകൾ നിർവഹിച്ചു വരികയായിരുന്നു.
സുലൈമാൻ അഹമ്മദ് അൽ റൂമിയെ എണ്ണ മന്ത്രിയായും നിയമിച്ചതോടെ അത് ഒറ്റ വകുപ്പായി മാറും. സയ്യിദ് ജലാൽ അബ്ദുൽ മുഹ്സിന് അൽ തബ്താബായിയെ വിദ്യാഭ്യാസ മന്ത്രിയായും നിയമിച്ചതോടെ ആക്ടിങ് വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ഡോ. നാദിർ അബ്ദുല്ല മുഹമ്മദ് അൽ ജല്ലാലിന് ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രിയുടെ ചുമതലകൾ മാത്രമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.