കുവൈത്ത് സിറ്റി: കുവൈത്തിനെ മുന്നോട്ടുനയിക്കുന്നതിൽ പ്രവാസികൾ വലിയ സംഭാവനകളാണ് നൽകുന്നതെന്ന് ഇൻഫർമേഷൻ മന്ത്രി അബ്ദുൽ റഹ്മാൻ അൽ മുതൈരി. ഇന്ത്യൻ പ്രവാസികൾ ഇക്കാര്യത്തിൽ പ്രത്യേക പങ്കുവഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മാധ്യമത്തോട് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രവാസികളുടെ പുരോഗതിക്കും നന്മക്കും വേണ്ടിയുള്ള എല്ലാ കാര്യങ്ങൾക്കും നിയമ നിർമാണത്തിനും വേണ്ടി കുവൈത്ത് പരിശ്രമിച്ചുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിലൂടെ വലിയ പ്രതീക്ഷയിലാണ് ഭരണനേതൃത്വവും ജനങ്ങളും. സ്ഥായിയായ സംഘം പാർലമെന്റിലെത്തുമെന്നാണ് പ്രതീക്ഷ. കൂട്ടായ നിരന്തര പ്രവർത്തനങ്ങളിലൂടെ കുവൈത്തിനെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കാനാകും. 'വിഷൻ 2035'ന്റെ പൂർത്തീകരണത്തിനായി എല്ലാ കാര്യങ്ങളും ചെയ്യും.
തെരഞ്ഞെടുപ്പുമായി സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവർത്തകരോട് പ്രത്യേക നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു. വിവിധ നാടുകളിൽനിന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകരായി എത്തിയവർ കുവൈത്തിലെ ജനാധിപത്യം, സ്വതന്ത്രമായ തെരഞ്ഞെടുപ്പ് എന്നിവ നേരിട്ടറിഞ്ഞ് മനസ്സിലാക്കി. അത് അവരുടെ മാധ്യമങ്ങളിലൂടെ ലോകത്തെ അറിയിക്കുന്നു. ഇത്തരത്തിൽ ഒറ്റക്കെട്ടായി മുന്നോട്ടുപോവുക എന്ന ലക്ഷ്യമാണ് കുവൈത്ത് ആഗ്രഹിക്കുന്നതെന്നും മന്ത്രി അബ്ദുൽ റഹ്മാൻ അൽ മുതൈരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.