കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് സമർപ്പിച്ച സർക്കാറിന്റെ രാജി അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സ്വീകരിച്ചു. പുതിയ സർക്കാർ രൂപവത്കരിക്കപ്പെടുന്നതുവരെ കാവൽ സർക്കാറായി പ്രവർത്തിക്കാൻ പ്രധാനമന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
ശനിയാഴ്ചയാണ് പ്രധാനമന്ത്രി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് മന്ത്രിസഭയുടെ രാജിക്കത്ത് അമീറിന് കൈമാറിയത്. ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിന് പിറകെ ഭരണഘടന നടപടികളുടെ ഭാഗമായായിരുന്നു ഇത്. ഏപ്രിൽ 17ന് ദേശീയ അസംബ്ലി സമ്മേളനം ചേരാനുള്ള ഉത്തരവിലും അമീർ ഞായറാഴ്ച ഒപ്പുവെച്ചു. ഉത്തരവ് ദേശീയ അസംബ്ലിയെ അറിയിക്കുകയും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.
18ാം നിയമസഭ കാലയളവിന്റെ ആദ്യ യോഗം 17ന് നടത്താൻ ശനിയാഴ്ച ചേർന്ന അസാധാരണ യോഗത്തിൽ സർക്കാർ അംഗീകാരം നൽകിയിരുന്നു. 17ന് ദേശീയ അസംബ്ലിയിൽ പുതിയ എം.പിമാരുടെ സത്യപ്രതിജ്ഞ നടക്കും. പുതിയ സർക്കാർ രൂപവത്കരണവും ഇതിനുമുമ്പ് ഉണ്ടാകും. മുൻ സർക്കാറിൽ നിന്ന് വലിയ മാറ്റങ്ങൾ പുതിയ സർക്കാറിൽ ഉണ്ടാകാനിടയില്ല. പ്രധാനമന്ത്രിയായി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് തുടരുമെന്നാണ് സൂചന. അതിനിടെ, ദേശീയ അസംബ്ലി സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ പദ്ധതിയിടുന്നതായി മുൻ സ്പീക്കർ അഹ്മദ് അൽ സദൂൻ പ്രഖ്യാപിച്ചു.
ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സന്നദ്ധത എം.പി ജെനൻ മൊഹ്സിൻ റമദാൻ ബൗഷേരിയും പ്രഖ്യാപിച്ചു. തെരഞ്ഞെടുക്കപ്പെട്ടാൽ ഡെപ്യൂട്ടി സ്പീക്കർ ആകുന്ന കുവൈത്തിലെ ആദ്യ വനിത നിയമനിർമാതാവായി ബൗഷേരി ചരിത്രം കുറിക്കും. ഏപ്രിൽ 17ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.