കുവൈത്ത് സിറ്റി: മലയാളത്തിലെ നിത്യഹരിത ഗാനങ്ങളുമായി പിന്നണി ഗായിക സിതാരയും സംഘവും വേദിനിറഞ്ഞ ‘ഇളനീർ’ കുവൈത്തിന് അവിസ്മരണീയ ഗാനസന്ധ്യയായി. മലയാളി മൂളിനടക്കുന്ന പാട്ടുകൾ സിതാരയുടെ വേറിട്ട ശൈലിയിൽ തനിമ ചോരാതെ വേദിയിലെത്തിയപ്പോൾ ആസ്വാദകരുടെ ഉള്ളിലും പാട്ടിന്റെ മധുരം നിറഞ്ഞു. സിതാരക്കൊപ്പം മിഥുൻ ജയരാജും ബൽരാമും സുന്ദരഗാനങ്ങളുമായി വേദിയിലെത്തി. കേട്ട് മതിവരാത്ത നിത്യഹരിത ഗാനങ്ങള്‍ സദസ്സും ഗായകരോടൊപ്പം ഏറ്റുപാടി.
മലയാളിയുടെ ആത്മാവിനെ തൊട്ടറിഞ്ഞ് സംഗീതം ഒരുക്കിയ ദേവരാജൻ മാസ്റ്ററുടെ ഉജ്ജയിനിയിലെ ഗായിക, അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ, കായാമ്പൂ കണ്ണിൽ വിടരും എന്നിവയോടെയാണ് സംഗീത സദസ്സ് ആരംഭിച്ചത്. ദേവരാജൻ മാസ്റ്റർ ഈണം നൽകിയ പാട്ടുകൾ മലയാളിയുടെ ഉള്ളിൽ ഇന്നും പ്രിയരാഗങ്ങളായി തുടരുന്നു എന്നതിന്റെ തെളിവായി ഈ പാട്ടുകളോടുള്ള സദസ്സിന്റെ പ്രതികരണം.
പി.കെ. ദക്ഷിണാമൂർത്തി സ്വാമിയുടെ പാട്ടുകളും എം.എസ്. ബാബുരാജുമെത്തിയപ്പോൾ സദസ്സ് മലയാള ഗാനശാഖയുടെ സുവർണകാലഘട്ടത്തിലേക്ക് തിരിച്ചുപോയി. ജോൺസൺ മാസ്റ്ററും, എം.ജി. രാധാകൃഷ്ണനും, രവീന്ദ്രൻ മാസ്റ്ററും ഈണമിട്ട ഗാനങ്ങൾ കൂടി എത്തിയതോടെ കുവൈത്ത് ഗാനസന്ധ്യയുടെ ഇളനീർ മധുരത്തിൽ അലിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.