കുവൈത്ത് സിറ്റി: അടുത്ത സീസണിൽ ശൈത്യകാല തമ്പുകൾക്ക് അനുമതി നൽകുന്നത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം പരിശോധിക്കുന്നു. ആരോഗ്യ സാഹചര്യങ്ങൾ വിലയിരുത്തി തീരുമാനമെടുക്കാൻ മന്ത്രിസഭ ആരോഗ്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിരുന്നു.
കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ തവണ ശൈത്യകാല തമ്പ് നിർമാണത്തിന് അനുമതി നൽകിയില്ല.
ഇപ്പോൾ വൈറസ് വ്യാപനം കുറഞ്ഞതും നവംബറോടെ ഭൂരിഭാഗം പേർക്കും രണ്ട് ഡോസ് പ്രതിരോധ കുത്തിവെപ്പ് നൽകാൻ കഴിയുമെന്ന വിലയിരുത്തലുമാണ് തമ്പിന് അനുമതി നൽകുന്ന സാധ്യത പരിശോധനയിലേക്ക് അധികൃതരെ എത്തിച്ചത്. കുത്തിവെപ്പെടുക്കണം എന്ന നിബന്ധനക്ക് വിധേയമായി തമ്പിന് അനുമതി നൽകാൻ സാധ്യതയുണ്ട്.
സാധാരണ നവംബർ 15 മുതൽ മാർച്ച് 15 വരെ നാലുമാസമാണ് മരുപ്രദേശങ്ങളിലും മറ്റും തണുപ്പ് ആസ്വാദന തമ്പുകൾ പ്രവർത്തിപ്പിക്കാൻ അനുമതി നൽകാറ്. തണുപ്പിെൻറ സുഖശീതളിമ ആസ്വദിച്ച് ഇഷ്ടവിഭവങ്ങൾ ആഹരിച്ച് കൂട്ടുകാർക്കൊപ്പം കളിതമാശകൾ പങ്കുവെച്ച് രാത്രികൾ സജീവമാക്കുന്ന പതിവ് അറബികൾക്കുണ്ട്.
കഴിഞ്ഞ തവണ അനുമതി നൽകാതിരുന്നതോടെ അനധികൃതമായി പലരും തമ്പ് നിർമിച്ചു. 5000ത്തിലേറെ തമ്പുകളാണ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം പൊളിച്ചുനീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.