കുവൈത്ത് സിറ്റി: രാജ്യത്തെ സര്‍ക്കാര്‍ ഏകീകൃത ആപ്ലിക്കേഷനായ സഹൽ ആപ്പില്‍ ഉപയോക്താക്കളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ മാസം സഹൽ വഴി നാല് ദശലക്ഷത്തിലധികം ഇടപാടുകൾ നടത്തിയതായി സഹൽ ആപ് വക്താവ് യൂസഫ് കാദം പറഞ്ഞു. ഒക്ടോബറിൽ ഇംഗ്ലീഷ് സേവനം ആരംഭിച്ചതിനു ശേഷം ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വർധനയാണ് രേഖപ്പെടുത്തിയത്.
12 പുതിയ സേവനങ്ങള്‍ ഒക്ടോബറിൽ മാത്രം ആപ്ലിക്കേഷനില്‍ ചേര്‍ത്തതായും അദ്ദേഹം പറഞ്ഞു. ക്രിമിനൽ റെക്കോർഡ് സർട്ടിഫിക്കറ്റ് ഇഷ്യുവായിരുന്നു കഴിഞ്ഞ മാസത്തില്‍ ആളുകളെ ആകർഷിച്ച പ്രധാന സേവനം.
സർക്കാർ സേവനങ്ങൾ ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായി 2021 സെപ്റ്റംബർ 15നാണ് സഹൽ ആപ് പുറത്തിറക്കിയത്. രേഖകളുടെ സാധുത ഉറപ്പു വരുത്താൻ ക്യു ആർ കോഡ് സൗകര്യവും ഉണ്ട്. നിലവില്‍ 37 സർക്കാർ വകുപ്പുകളുടെ 400ലധികം സേവനങ്ങൾ ഇതുവഴി ലഭ്യമാണ്.
കഴിഞ്ഞ മൂന്നു വർഷത്തിനിടെ 60 ദശലക്ഷം ഇടപാടുകൾ നടന്നു. ഈ കാലയളവില്‍ 23 ലക്ഷം ഉപയോക്താക്കൾ ആപ് ഉപയോഗിച്ചു. മൊബൈൽ ഫോണിൽ പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്ത് സിവിൽ ഐഡി ഉപയോഗിച്ച് ആപ്പിൽ രജിസ്റ്റർ ചെയ്യാം. അടുത്തിടെ ഇംഗ്ലീഷ് പതിപ്പും പുറത്തിറക്കിയതോടെ പ്രവാസികളടക്കം കൂടുതൽ പേർ ആപ് ഉപയോഗിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.