കുവൈത്ത് സിറ്റി: കുവൈത്തിൽ രോഗിയുടെ ബന്ധു ഡോക്ടറുടെ കൈയൊടിച്ചു. അൽ റാസി ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ആക്രമിക്കപ്പെട്ട സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി ആരോഗ്യ മന്ത്രാലയം രംഗത്തെത്തി.
അംഗീകരിക്കാൻ പറ്റാത്ത പെരുമാറ്റമാണ് ഉണ്ടായതെന്നും കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗിയുടെ ബന്ധുവാണ് ഡോക്ടറെ ആക്രമിച്ച് കൈയൊടിച്ചത്.
ഐസൊലേഷൻ വാർഡിൽ കഴിയുന്ന രോഗിയെ കാണാൻ അനുമതി നൽകാത്തതിനെ തുടർന്നാണ് ബന്ധു ഡോക്ടറെ ആക്രമിച്ചത്.
ഇത്തരം സംഭവങ്ങളിൽ കുറ്റവാളികൾക്ക് അർഹമായ ശിക്ഷ വാങ്ങി നൽകുമെന്നും ആശുപത്രികളുടെയും ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെയും സുരക്ഷയും അവകാശങ്ങളും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഡോക്ടർമാർക്കും ആരോഗ്യ ജീവനക്കാർക്കുമെതിരായ അതിക്രമങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ഇതിന് തടയിടാൻ നിയമനിർമാണം നടത്തണമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ ആവശ്യം.
ആശുപത്രികളിൽ മതിയായ സുരക്ഷ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
റിസപ്ഷൻ ഭാഗത്താണ് അധികം അതിക്രമങ്ങളും ഉണ്ടായിട്ടുള്ളത്.
ഇവിടെ കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാണ് ആരോഗ്യ വകുപ്പിെൻറ ആവശ്യം.
അതേസമയം, ഒാരോ ഡോക്ടർമാരുടെയും കാബിന് മുന്നിൽ സുരക്ഷ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് പ്രായോഗികമല്ലെന്നും നിയമനിർമാണത്തിലൂടെ ശിക്ഷ കടുപ്പിക്കുകയും നടപടികൾ ശക്തമാക്കുകയുമാണ് പരിഹാരമെന്നുമാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ നിലപാട്. രോഗികളും കൂടെ എത്തുന്നവരും ചെറിയ കാരണങ്ങൾക്കും അകാരണമായും പ്രകോപിതരാവുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്യുന്നത് ആവർത്തിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.