കുവൈത്തിലേക്ക് ദേശാടനം നടത്തുന്ന തീരദേശ പക്ഷിയാണ് പൈഡ് അവോസെറ്റ്. ദേശാടനവേളയിൽ കുവൈത്തിൽ ഇവയെ വളരെ കുറച്ചുമാത്രമേ കാണാറുള്ളൂവെങ്കിലും ശൈത്യകാലത്ത് അമ്പതിൽ കൂടുതലുള്ള കൂട്ടങ്ങളായി കടൽത്തീരങ്ങളിൽ ഇവയെ കാണാം.
അധികം കുവൈത്തിൽ തങ്ങാത്ത പക്ഷിയാണ് ഇവ. ദേശാടനവേളയിൽ ഒറ്റപ്പെട്ടുപോകുന്ന ചിലവ മറ്റു കൂട്ടങ്ങൾ എത്തുന്നതുവരെ ഇവിടെ തങ്ങും. തീരദേശപക്ഷികളിൽ എളുപ്പം തിരിച്ചറിയാവുന്ന കിളികളാണിവ.
കറുപ്പും വെളുപ്പും ഇടകലർന്ന ഇവയുടെ ആൺ,പെൺ പക്ഷികൾ തമ്മിൽ വ്യത്യാസമില്ല. നീല കലർന്ന നിറമുള്ള കാലുകൾ, മുകളിലേക്ക് നീണ്ടുവളഞ്ഞ കൊക്കുകൾ എന്നിവയാണ് പ്രത്യേകത.
ഭക്ഷണത്തിനായി കൊക്കുകൊണ്ട് വെള്ളത്തിൽ വീശുന്ന ശൈലിയുള്ള പക്ഷിയാണിവ. അവോസെറ്റ് കുടുംബത്തിൽപെട്ട പക്ഷികളുടെ പ്രത്യേകതയാണ് സിതിങ് (scything) എന്ന് പേരുള്ള ഈ ശൈലി.
തുറസ്സായ സ്ഥലങ്ങളിൽ കൂട്ടത്തോടെ കൂടുവെക്കുന്ന സ്വഭാവക്കാരാണ് ഇവർ. മിക്കപ്പോഴും തടാകങ്ങളുടെ കരയിലെ ചളി കലർന്ന തിട്ടകളിലാണ് ഇവ കൂടൊരുക്കുക. എല്ലാ പ്രജനന കാലത്തും പുതിയ ഇണയെ കണ്ടെത്തുന്ന ഇവ ഇതിനായി സങ്കീർണമായ ചലനഭാവങ്ങൾ നടത്താറുണ്ട്. മുട്ട വിരിഞ്ഞു മണിക്കൂറുകൾക്കകം ഭക്ഷണസമ്പാദനത്തിന് സ്വയംപര്യാപ്തത ഉള്ളവയാണ് കുഞ്ഞുങ്ങൾ. എങ്കിലും, മുപ്പത്തഞ്ചു മുതൽ നാൽപതു ദിവസംവരെ ഇവ മാതാപിതാക്കളോടൊപ്പം കഴിയുന്നു.
Recurvirostra avosetta എന്നാണ് ശാസ്ത്രീയ നാമം. ശരത്കാല ദേശാടന വേളയിലും വസന്തകാല ദേശാടനവേളയിലും കുവൈത്തിലെ കടൽത്തീരങ്ങളിൽ ഇവയെ കാണാം. ഒറ്റപ്പെട്ടുപോയ പക്ഷികൾ ആഴ്ചകളോളം കടൽക്കരയിൽനിന്നും മാറി ചില തടാകങ്ങളിൽ തങ്ങാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.