കുവൈത്ത് സിറ്റി: വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയും ജോലി പരിചയവും ഇല്ലാത്തവരെ വ്യാജ യോഗ്യത സർട്ടിഫിക്കറ്റുകളുടെ ബലത്തിൽ നഴ്സുമാരാക്കുന്ന റാക്കറ്റ് സജീവം.ഗാർഹികത്തൊഴിലാളികൾക്കും ഹോം നഴ്സുമാർക്കും ഇടയിൽ ശമ്പളത്തിലുള്ള അന്തരമാണ് വ്യാജ സർട്ടിഫിക്കറ്റ് ലോബി മുതലാക്കുന്നത്. ഗാർഹിക തൊഴിലാളിയായി ജോലി ചെയ്തിരുന്ന നിരവധി പേരെ ഇവർ കുവൈത്തി വീടുകളിൽ ഹോം നഴ്സുമാരായി നിയമിച്ചിട്ടുണ്ട്. ഓരോ മാസവും ശമ്പളത്തിൽനിന്ന് നിശ്ചിത ശതമാനം ജോലി ഏർപ്പാടാക്കിയവർ വാങ്ങുന്നു. 100 ദീനാറിൽ താഴെ ശമ്പളം ഉണ്ടായിരുന്നവരാണ് ഹോം നഴ്സുമാരായി 400 മുതൽ 600 ദീനാർ വരെ ശമ്പളം ലഭിക്കുന്ന ഹോം നഴ്സ് ജോലിയിലേക്ക് മാറുന്നത്. രോഗീപരിചരണം ഉൾപ്പെടെ അറിവും വൈദഗ്ധ്യവും ആവശ്യമുള്ള ജോലിയാണ് പ്രാഥമിക വിദ്യാഭ്യാസം പോലും പൂർത്തിയാക്കാത്തവർ ഉൾപ്പെടെ ചെയ്യുന്നത്.
ചിലർക്ക് അടിസ്ഥാന കാര്യങ്ങളിൽ ചെറിയ പരിശീലനം നൽകിയാണ് വിടുന്നത്. ഒരു പരിശീലനവും ലഭിക്കാത്തവരും പ്രായമേറിയവരെയും ഭിന്നശേഷിക്കാരെയും ഉൾപ്പെടെ പരിചരിക്കുന്നു. ശരിയായ വിദ്യാഭ്യാസവും പരിശീലനവും നേടിയവരുടെ അവസരം നഷ്ടപ്പെടുന്നു എന്നതും ഇതിന്റെ ഫലമാണ്. സമൂഹ മാധ്യമങ്ങളിൽ ഇത്തരം റാക്കറ്റുകൾ പരസ്യം ചെയ്യുന്നു. വാട്സ് ആപ് ഗ്രൂപ്പുകളിലൂടെയും ആളെ കൂട്ടുന്നു. ആരോഗ്യ മന്ത്രാലയത്തിലെ നഴ്സുമാരുടെ വിദ്യാഭ്യാസ യോഗ്യത അധികൃതർ പരിശോധിക്കാറുണ്ട്. എന്നാൽ, ഹോം നഴ്സുമാരുടെ യോഗ്യതകൾ പലപ്പോഴും സൂക്ഷ്മമായി പരിശോധിക്കപ്പെടാറില്ല. ഇതാണ് വ്യാജ സർട്ടിഫിക്കറ്റ് ലോബിക്ക് പച്ചയായ നിയമലംഘനത്തിന് കരുത്താകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.