കുവൈത്ത് സിറ്റി: ഗൾഫ്മാധ്യമം രജതജൂബിലി ആഘോഷ ഭാഗമായി സംഘടിപ്പിച്ച ‘എന്റെ സ്വന്തം കേരളം പറയുന്നതും പറയേണ്ടതും’ സംവാദ സദസ്സ് മലയാളിയുടെ സംവാദ സംസ്കാരത്തിലെ ഗുണാത്മകവും പ്രതിലോമകരവുമായ വശങ്ങളെകുറിച്ച ചർച്ച വേദിയായി.
കേരളവും മലയാള ഭാഷയും മലയാളിയുടെ ദേശാന്തര യാത്രകളും പോരാട്ടവും അതിജീവനവുമെല്ലാം ചർച്ചയായ വേദിയിൽ ‘മാധ്യമ’വും ‘ഗൾഫ്മാധ്യമവും’ നിർവഹിച്ച സംഭാവനകളും വിലയിരുത്തപ്പെട്ടു.
മാധ്യമം ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, നടനും സംവിധായകനും,എഴുത്തുകാരനുമായ മധുപാൽ, സാമൂഹിക ചിന്തകനും എഴുത്തുകാരനുമായ കെ.കെ ബാബുരാജ്,മാധ്യമപ്രവർത്തകൻ നിഷാദ് റാവുത്തർ എന്നിവർ ഉൾപ്പെട്ട പാനൽ മലയാളിയുടെ ഇന്നും ഇന്നലെകളും സൂക്ഷ്മമായി വിലയിരുത്തൽ നടത്തി.
സാഹിത്യവും സിനിമയും കേരളത്തെയും മലയാളിയെയും എങ്ങനെയെല്ലാമാണ് സ്വാധീനിക്കുന്നതെന്ന് നടനും, സംവിധായകനും എഴുത്തുകാരനുമായ മധുപാൽ പ്രഭാഷണത്തിൽ സൂചിപ്പിച്ചു. കേരളത്തിന്റെ വർത്തമാനവും ചരിത്രവും മാധ്യമപ്രവർത്തകന്റെ കണ്ണിലൂടെ നിഷാദ് റാവുത്തർ അവതരിപ്പിച്ചു.
അറുപത് ആണ്ട് പിന്നിട്ട കേരളത്തിന്റെ നേട്ടവും കോട്ടവും മാധ്യമം ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ തന്റെ സംസാരത്തിൽ സൂചിപ്പിച്ചു. മാധ്യമ സംവാദങ്ങൾ കേരളത്തെ കൂടുതൽ മുന്നോട്ടു നയിക്കുന്നതിന് സഹായിക്കുന്ന രൂപത്തിൽ പരിവർത്തിക്കെപ്പെടമെന്നും പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടുകളുടെ പ്രതിഫലനമാണ് മാധ്യമങ്ങളിൽ ദൃശ്യമാകുന്നതെന്നും സംവാദസദസ്സിൽ അഭിപ്രായമുയർന്നു.
പ്രവാസി മലയാളിയുടെ ജീവിതത്തിൽ കഴിഞ്ഞ കാൽനൂറ്റാണ്ട് കാലം ‘ഗൾഫ്മാധ്യമം’ ചെലുത്തിയ സ്വാധീനം സ്വാഗത പ്രഭാഷണത്തിൽ ഗൾഫ് മാധ്യമം എഡിറ്റോറിയൽ ഹെഡ് സാലിഹ് കോട്ടപ്പള്ളി ചൂണ്ടികാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.