കുവൈത്ത് സിറ്റി: സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിൽ കുടുംബത്തിനും സമൂഹത്തിനും വലിയ പങ്കുണ്ടെന്നും സ്ത്രീസുരക്ഷ നിയമങ്ങളെ കുറിച്ച് വനിതകള്‍ ബോധവതികളാകണമെന്നും സാമൂഹിക പ്രവര്‍ത്തക ഡോ. ഷമീന അഭിപ്രായപ്പെട്ടു.
വെല്‍ഫെയര്‍ കേരള കുവൈത്ത് വനിതാക്ഷേമ വകുപ്പിന് കീഴില്‍ സംഘടിപ്പിച്ച ബോധവത്കരണ കാമ്പയിൻ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. കേരളത്തില്‍ സ്ത്രീകള്‍ക്ക് നേരെ നിരന്തരം അക്രമങ്ങളുണ്ടാവുകയും
നിരവധി പേര് ആത്മഹത്യ ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ 'സ്ത്രീസുരക്ഷ: ഉണരാം കരുത്തോടെ' തലക്കെട്ടില്‍ ജൂലൈ 21 മുതല്‍ 31 വരെയാണ് കാമ്പയിൻ സംഘടിപ്പിച്ചത്. സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങൾ തുറന്നുപറയാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. നിയമങ്ങൾ ഇല്ലാത്തതല്ല അത് കൃത്യമായി നടപ്പിലാക്കാൻ ആര്‍ജ്ജവമില്ലാത്തതാണ് പ്രശ്നമെന്നും ഡോ. ഷമീന പറഞ്ഞു.
കേരളത്തിൽ നിലനിൽക്കുന്ന ഫെമിനിസ്റ്റുകളുടെ പ്ലാറ്റ്ഫോമിൽ സത്യസന്ധതയില്ലെന്നും സ്ത്രീകൾ പരാതികൾ ഉന്നയിക്കുമ്പോൾ അതിലെല്ലാം അതിഭീകരമായി രാഷ്ട്രീയം കടന്നുവരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും എഴുത്തുകാരന് ധർമരാജ് മടപ്പള്ളി അഭിപ്രായപ്പെട്ടു.
സ്ത്രീകള്‍ പ്രതികരിക്കാന്‍ വിമുഖത കാണിക്കരുതെന്നും ഏതു പ്രതിസന്ധികളെയും തരണംചെയ്ത് നീതിയുടെപക്ഷത്ത് നിലയുറപ്പിച്ച് മുന്നോട്ടുപോകാന്‍ ആര്‍ജ്ജവം ഉണ്ടാകണമെന്നും സി.എ.എ വിരുദ്ധ സമര നായികയും ഫ്രട്ടേണിറ്റി മൂവ്മെൻറ് അഖിലേന്ത്യ സെക്രട്ടറിയുമായ ആയിഷ റെന്ന പറഞ്ഞു.
വെൽഫെയർ കേരള കുവൈത്ത് പ്രസിഡൻറ് അൻവർ സഈദ്, വൈസ് പ്രസിഡൻറ് റസീന മൊഹിയുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. വനിതാവകുപ്പ് കൺവീനർ സിമി അക്ബർ മോഡറേറ്ററായി.
കാമ്പയിനോടനുബന്ധിച്ച് 'സ്ത്രീസുരക്ഷ: നിയമവും നിലപാടും' വിഷയത്തില്‍ ക്ലബ് ഹൗസ് ചര്‍ച്ചയും സംഘടിപ്പിച്ചിരുന്നു. വിമന്‍ ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് ജബീന ഇര്‍ഷാദ്, സെക്രട്ടറിമാരായ മിനി വേണുഗോപാല്‍, അസൂറ ടീച്ചര്‍, സാമൂഹിക പ്രവര്‍ത്തക ആഭ മുരളീധരന്, മെഹബൂബ അനീസ് എന്നിവര്‍ സംബന്ധിച്ചു. അംജദ് കോക്കൂര്‍ സാങ്കേതിക സംവിധാനം നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.