വെറും ചുട്ടുപൊള്ളുന്ന മരുഭൂമി മാത്രമല്ല കുവൈത്ത്. ഋതുഭേദങ്ങളുടെ ആവർത്തനങ്ങളിൽ രാജ്യം പല കാലാവസ്ഥകളിലൂടെ കടന്നുപോകുന്നു. പല കാഴ്ചകൾക്കും സാക്ഷിയാകുന്നു. കുവൈത്തിലെ ശരത്കാലം അത്തരം കാഴ്ചകളുടെ വസന്തകാലമാണ്. രാജ്യത്ത് വൻതോതിൽ ദേശാടനപ്പക്ഷികൾ എത്തുന്ന സമയം. തണ്ണീർത്തടങ്ങളിലും കടലോരത്തും അവ പറന്നിറങ്ങും. ചില്ലകളിൽ കൂടുകൂട്ടും. ആകാശത്ത് ചിറകു വിരിക്കും. അങ്ങനെ കാഴ്ചകളുടെ വർണത്തൂവലുകൾ വിടർത്തി ദിവസങ്ങൾ കുവൈത്തിൽ തുടരും. ഒടുവിൽ മറ്റൊരു ദേശത്തേക്ക് പറന്നുപോകും.
ഇതിനൊപ്പം കുവൈത്തിന്റെ മാത്രം പക്ഷിവർഗങ്ങളുമുണ്ട്. മരുഭൂമിയിലെ ചൂടും തണുപ്പും ഒരുപോലെ മറികടന്ന് അത്ഭുതപ്പെടുത്തുന്നവ. പല രൂപങ്ങളിൽ, കാഴ്ചകളിൽ, സ്വഭാവങ്ങളിൽ തുടരുന്നവ. മലയാളിയും പക്ഷിനിരീക്ഷകനുമായ ഇർവിൻ ജോസ് നെല്ലിക്കുന്നേൽ അവ പരിചയപ്പെടുത്തുന്നു. ‘കുവൈത്തിലെ തൂവൽ കുപ്പായക്കാർ’ എന്ന കോളത്തിലൂടെ.
ഇർവിൻ ജോസ് നെല്ലിക്കുന്നേൽ -പക്ഷിനിരീക്ഷകൻ
കുവൈത്തിൽ ദേശാടന കാലം ചെലവഴിക്കുന്ന ചുരുക്കം ചില പരുന്തുകളിൽ ഒന്നാണ് താലിപ്പരുന്ത് അഥവാ വെസ്റ്റേൺ ഓസ്പ്രേ. മീൻ പിടിക്കാൻ വിദഗ്ധനായതുകൊണ്ട് മീൻപിടിയൻ പരുന്ത് എന്ന പേരിലും ഇവ അറിയപ്പെടുന്നു. അന്റാർട്ടിക്ക ഒഴികെയുള്ള മിക്ക ഭൂഖണ്ഡങ്ങളിലും ഇവയുടെ വിവിധ ഉപജാതികളുടെ സാന്നിധ്യമുണ്ട്. പകലും രാത്രിയും ഒരുപോലെ പറക്കാൻ കഴിവുള്ള ഇവ ദേശാടന വേളയിൽ ഒറ്റദിവസംകൊണ്ട് 400ലധികം കിലോമീറ്റർ ദൂരം താണ്ടാറുണ്ട്.
ആഫ്രിക്കയിലേക്കുള്ള ഇരപിടിയൻ പക്ഷികളുടെ ദേശാടനം വർഷാവർഷം നടക്കുന്നതാണെങ്കിലും ദേശാടകരായ യുവ താലിപ്പരുന്തുകൾ ആഫ്രിക്കയിൽ രണ്ടു വർഷത്തോളം തങ്ങി പ്രജനന പ്രായമാകുമ്പോഴാണ് യൂറോപ്പിലേക്ക് തിരിച്ചുവരാറ്. ഇതിൽതന്നെ ആഫ്രിക്കയിലെ സഹാറ മരുഭൂമി മുറിച്ചുകടക്കുന്ന യുവ താലിപ്പരുന്തുകളിൽ മൂന്നിലൊരെണ്ണം ഈ സാഹസമധ്യേ മരണപ്പെടാറാണ് പതിവ്.
മീൻപിടിയൻ പരുന്തുകളിൽ ആൺ-പെൺ പക്ഷികൾ തമ്മിൽ കാഴ്ചയിൽ വലിയ വ്യത്യാസങ്ങളില്ലെങ്കിലും പെൺപക്ഷികളെ അപേക്ഷിച്ച് മെലിഞ്ഞു ദൃഢഗാത്രനാണ് ആൺപക്ഷികൾ. നെഞ്ചിൽ കാണുന്ന അടയാളങ്ങളും ആൺപക്ഷിയെ തിരിച്ചറിയാൻ സഹായിക്കുന്നു. ഇരുജാതികൾക്കും തിളക്കമാർന്ന ഇരുണ്ട തവിടുനിറത്തിലുള്ള പുറവും പുറംചിറകും വെള്ളനിറത്തിലുള്ള അടിഭാഗവുമാണുള്ളത്.
മീൻ പിടിക്കാനുള്ള പ്രത്യേക കഴിവാണ് ഇവയെ മറ്റു പരുന്തു വർഗങ്ങളിൽനിന്നും വ്യത്യസ്തരാക്കുന്നത്. പരുന്തുകളിൽ രണ്ടു വിരലുകൾ പിറകോട്ടും രണ്ടെണ്ണം മുന്നോട്ടുമുള്ള വളരെ വ്യത്യസ്തമായ, എന്നാൽ മീൻ പിടിക്കാൻ ഉതകുന്ന കാലുകളാണ് ഇവക്ക്. അതിശക്തമായ കാലുകളും ഒരേ നീളത്തിലുള്ള വിരലുകളും ഇവയെ ഇതിനു സഹായിക്കുന്നു. വെള്ളത്തിൽ മുങ്ങി മീനിനെ റാഞ്ചുമ്പോൾ അടയുന്ന നാസാദ്വാരങ്ങളും വെള്ളത്തിൽ മുങ്ങിയാലും നനയാത്ത തൂവലുകളും ഇവയുടെ മാത്രം പ്രത്യേകതയാണ്. രണ്ടു മുതൽ മൂന്ന് കിലോ വരെയുള്ള മീനുകളെ ഇവ അനായാസം പിടിക്കാറുണ്ട്. താലിപ്പരുന്തിന്റെ ഭക്ഷണത്തിൽ 99 ശതമാനവും മീനുകൾ തന്നെയാണ്. വളരെ വിരളമായേ ഇവ മറ്റു ജീവികളെ ഭക്ഷണമാക്കാറുള്ളൂ. ഈ സവിശേഷതകളൊക്കെക്കൊണ്ടുതന്നെ വിമാനത്തിന്റെയും ഹെലികോപ്ടറിന്റെയും സവിശേഷതകൾ ഒത്തുചേർന്ന ബെൽ ബോയിങ് വിമാനത്തിന് ഇവയുടെ പേരാണ് കൊടുത്തിട്ടുള്ളത് ‘V22 ഓസ്പ്രേ’. പാൻഡിയോൻ ഹാലിയേറ്റസ് എന്നാണ് ശാസ്ത്രീയ നാമം. കുവൈത്തിൽ ഇവയെ ശൈത്യകാലത്തും വസന്തകാലത്തും ജഹ്റ നേച്ചർ റിസർവിലും കുവൈസാത് കടൽക്കരയിലും സാധാരണയായി കാണാം. ദേശാടന യാത്രക്കിടെ അപൂർവമായി ഇവ കുവൈത്തിലെ മരുഭൂമിയിൽ വിശ്രമിക്കാൻ ഇറങ്ങാറുണ്ട്.
കുവൈസാത്തിൽനിന്നും കിച്ചു അരവിന്ദ് പകർത്തിയ ചിത്രം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.