കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് സാഹചര്യം രക്തത്തിെൻറ ആവശ്യകത വർധിപ്പിച്ചു. രക്തക്ഷാമം അനുഭവപ്പെടുന്നതായാണ് സെൻട്രൽ ബ്ലഡ് ബാങ്ക് അധികൃതർ വ്യക്തമാക്കുന്നത്. വിവിധ സംഘടനകൾ നടത്തുന്ന രക്തദാന ക്യാമ്പുകളാണ് വലിയ ആശ്വാസം.
മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കാര്യത്തിൽ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. 300ഒാളം രക്തദാന ക്യാമ്പുകൾ ഒരു വർഷം നടത്തുന്നുണ്ട്. 20,000ത്തിലേറെ ബാഗ് രക്തമാണ് ഇങ്ങനെ ശേഖരിക്കുന്നത്. രോഗികളുടെ ബന്ധുക്കളിൽനിന്നും മറ്റുമായി ശേഖരിക്കുന്നതിന് പുറമെയാണിത്.
എല്ലാം ചേർത്ത് ഒരു വർഷത്തിൽ ഒരു ലക്ഷത്തിനടുത്ത് ബാഗ് രക്തം ശേഖരിക്കുന്നു. അതേസമയം, രാജ്യത്തെ രക്തബാങ്കിൽ രക്തത്തിെൻറ കുറവ് ഇപ്പോഴും അനുഭവപ്പെടുന്നുണ്ട്. നെഗറ്റിവ് ഗ്രൂപ്പുകൾ ഉൾപ്പെടെ അപൂർവ രക്തങ്ങൾക്കാണ് ഏറെ ക്ഷാമം.
നെഗറ്റീവ് ഗ്രൂപ്പുള്ളവർ രക്തം നൽകാൻ എത്തുകയാണെങ്കിൽ രാജ്യത്തെ വിവിധ ആശുപത്രികളിലെ രോഗികൾക്ക് വലിയ ആശ്വാസമാവും. രക്തബാങ്ക് സന്നദ്ധ സംഘടനകളുമായി ചേർന്ന് ഇതിനായി ബോധവത്കരണ പരിപാടികൾ നടത്തുന്നുണ്ട്.ശേഖരിച്ച രക്തത്തിെൻറ ശുദ്ധിയും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ ആരോഗ്യമന്ത്രാലയം നൂതന സംവിധാനം ഒരുക്കിയിട്ടുണ്ട്.
മലയാളി സംഘടനകൾ ഉൾപ്പെടെ ജാബിരിയയിലെയും അദാനിലെയും രക്തബാങ്കിൽ രക്തദാന ക്യാമ്പ് നടത്തുന്നത് ആശ്വാസമാവുന്നു. ബ്ലഡ് ഡോണേഴ്സ് കേരള വിവിധ സംഘടനകളുമായും കമ്പനികളുമായും സഹകരിച്ച് മാസത്തിൽ ഒരു ക്യാമ്പ് നടത്തുന്നു.
ജഹ്റയിലും പുതിയ ബ്ലഡ് ബാങ്ക് തുറക്കാൻ ആരോഗ്യ മന്ത്രാലയത്തിന് പദ്ധതിയുണ്ട്. കൂടാതെ സർക്കാർ, സ്വകാര്യ ആശുപത്രികളിലും ചെറിയ രക്തബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കുവൈത്ത് സിറ്റി: സ്ത്രീ-പുരുഷ ഭേദമന്യേ ആരോഗ്യമുള്ള ഏതൊരാൾക്കും രക്തദാനം നടത്താം. 18നും 60 വയസ്സിനും ഇടയിലുള്ള 45 കിലോക്ക് മുകളിൽ ശരീരഭാരമുള്ളവരായിരിക്കണം. ദാതാവിെൻറ ശരീരത്തിലെ അഞ്ച് ലിറ്ററിലധികം വരുന്ന രക്തത്തിൽനിന്ന് 350 മില്ലി ലിറ്റർ രക്തം മാത്രമാണ് ഒരു പ്രാവശ്യം ശേഖരിക്കുന്നത്. അതും അയാളുടെ ശാരീരിക അവസ്ഥ പരിഗണിച്ചുകൊണ്ടായിരിക്കും.
രക്തം നൽകി 24 മണിക്കൂറിനകം എത്ര രക്തം നൽകിയോ അത്രയും രക്തം ശരീരം വീണ്ടും ഉൽപാദിപ്പിക്കും. രക്തദാനത്തിന് ശേഷം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഹീമോഗ്ലോബിൻ, രക്താണുക്കൾ എന്നിവയുടെ അളവും പഴയതുപോലെയാകും. രക്തദാനത്തിന് മുമ്പുള്ള പരിശോധന, ശേഷമുള്ള വിശ്രമം എന്നിവയെല്ലാം ചേർത്ത് അരമണിക്കൂർ മാത്രമേ രക്തദാനത്തിന് വേണ്ടിവരുന്നുള്ളൂ. പുരുഷന്മാർക്ക് മൂന്ന് മാസത്തിൽ ഒരിക്കലും സ്ത്രീകൾക്ക് നാല് മാസത്തിൽ ഒരിക്കലും രക്തദാനം നടത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.