കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രാദേശിക തൊഴില്‍ വിപണിയിലെ ഏറ്റവും വലിയ തൊഴിലാളി സമൂഹമായി ഇന്ത്യക്കാര്‍ തുടരുന്നു. കുവൈത്ത് സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം 5,37,000 ആയി ഉയര്‍ന്നു.
ഈ വര്‍ഷം രണ്ടാം പാദത്തില്‍ മാത്രമായി ഇന്ത്യയിൽനിന്ന് 18,464 പുതിയ തൊഴിലാളികളാണ് കുവൈത്ത് ലേബർ മാർക്കറ്റിലേക്ക് എത്തിയത്. ഇന്ത്യക്കാർക്ക് പിറകെ 4.74 ലക്ഷവുമായി ഈജിപ്ഷ്യൻ തൊഴിലാളികളാണ് വിദേശി തൊഴില്‍ സമൂഹത്തില്‍ രണ്ടാമത്. 4,51,595 തൊഴിലാളികളുമായി കുവൈത്ത് പൗരന്മാർ മൂന്നാം സ്ഥാനത്താണ്.
എന്നാൽ, ഈജിപ്ഷ്യൻ തൊഴിലാളികളുടെ എണ്ണത്തില്‍ മുൻ വർഷത്തേതിൽനിന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 4,82,390 തൊഴിലാളികൾ ഉണ്ടായിരുന്നതിൽ 8,288 പേർ കുറവുവന്നു. എങ്കിലും ഈജിപ്ഷ്യൻ പൗരന്മാർ കുവൈത്തിലെ വിദേശ തൊഴിലാളികളുടെ രണ്ടാമത്തെ വലിയ ഗ്രൂപ്പായി തുടരുന്നു.
ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്താൻ, ഫിലിപ്പീന്‍സ്, സിറിയ, ജോർഡൻ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് യഥാക്രമം തൊട്ടടുത്ത സ്ഥാനങ്ങളില്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബംഗ്ലാദേശ്, നേപ്പാൾ തൊഴിലാളികളുടെ എണ്ണത്തിൽ നേരിയ വർധന രേഖപ്പെടുത്തി.
12,742 പുതിയ തൊഴിലാളികൾ എത്തിയതോടെ ബംഗ്ലാദേശി തൊഴിലാളികളുടെ എണ്ണം 1,80,017 ആയി ഉയർന്നു. നേപ്പാൾ തൊഴിലാളികളുടെ എണ്ണം 14,886 വർധിച്ച് 86,489 ആയി. എണ്ണത്തിൽ നേരിയ വർധനയോടെ പാകിസ്താൻ തൊഴിലാളികൾ ആറാം സ്ഥാനത്താണ്.
രാജ്യത്ത് ഫിലിപ്പിനോ തൊഴിലാളികളിൽ വലിയ ഇടിവുണ്ടായി. 2946 പേർ ഈ വർഷം തൊഴിൽ വിട്ടു. സിറിയൻ പൗരന്മാരിലും കുറവു വന്നു. ജോർഡൻ, ശ്രീലങ്ക തൊഴിലാളികളുടെ എണ്ണത്തിലും നേരിയ വർധനയുണ്ടായി.
അതേസമയം, സ്വകാര്യ-പൊതുമേഖലകൾ ഉൾപ്പെടെ പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന 4531 കുവൈത്ത് പൗരന്മാർ തൊഴിൽ വിപണിയിൽ പ്രവേശിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 4,47,064 ആയിരുന്നത് 2024 ജൂൺ 30ഓടെ 4,51,595 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.