കുവൈത്ത് സിറ്റി: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്തിന്റെ പെരുമ കുവൈത്തിലും കാത്തുസൂക്ഷിക്കുന്ന തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക്) 18ാം വർഷത്തിലേക്ക്. കഴിഞ്ഞ കാലങ്ങളിൽ വൈവിധ്യമാർന്ന നിരവധി പ്രവർത്തനങ്ങൾ ട്രാസ്ക് സംഘടിപ്പിച്ചതായും പ്രവർത്തനം തുടരുമെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
2006 നവംബർ 17ന് 21 പേർ ചേർന്നാണ് ട്രാസ്ക് രൂപം നൽകിയത്. ഇന്ന് 2200 ഓളം അംഗങ്ങളായി വർധിച്ചു. എട്ട് ഏരിയകളായാണ് പ്രവർത്തനം. വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികൾ, ധന സഹായം, ചികിത്സാ സഹായങ്ങൾ എന്നിവ നടത്തിവരുന്നു. ആകസ്മികമായി വിട്ടുപിരിയുന്ന അംഗങ്ങളുടെ മക്കളുടെ തുടർ പഠനത്തിനായി ആവിഷ്കരിച്ച പദ്ധതിയാണ് വിദ്യാജ്യോതി. നിലവിൽ ഈ പദ്ധതിപ്രകാരം ഏഴു കുട്ടികളുടെ +2 വരെയുള്ള വിദ്യാഭ്യാസ സഹായം നൽകി വരുന്നു. കുട്ടികളുടെ പഠന ചെലവ് കണ്ടെത്തുന്നതിനായി അംഗങ്ങൾ തന്നെ മുന്നോട്ടുവന്നിട്ടുണ്ട്.
പഠനത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ, അംഗങ്ങളുടെ കുട്ടികൾക്ക് തൊഴിലധിഷ്ഠിത ഉന്നത വിദ്യാഭ്യാസം നൽകാൻ നടപ്പിലാക്കിയ പദ്ധതിയാണ് വിദ്യാധനം. 11 കുട്ടികളുടെ പഠനം പൂർത്തീകരിച്ചു. രണ്ടു കുട്ടികൾ പഠനം നടത്തിക്കൊണ്ടിരിക്കുന്നു. ആറു അംഗങ്ങൾക്കുള്ള ഭവനങ്ങൾ മുൻകാലങ്ങളിൽ പൂർണമായി നിർമിച്ചു നൽകി. നടപ്പുവർഷം രണ്ടു അംഗങ്ങൾക്കു പൂർത്തിയാക്കി കൈമാറിയിട്ടുണ്ട്. 250 ദീനാറിൽ താഴെ മാസ വരുമാനം ഉള്ള അംഗങ്ങൾക്ക് പെൻഷൻ നൽകിവരുന്നു. വിവിധ സാമൂഹ്യ ക്ഷേമ കാര്യങ്ങൾ വെളിച്ചം പദ്ധതിയിലൂടെ നടത്തിവരുന്നു.
അംഗങ്ങളായിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിനു ഫാമിലി റിലീഫ് സ്കീം വഴി സഹായം കൈമാറുന്നു. പ്രസിഡന്റ് ആന്റോ പാണേങ്ങാടൻ, ജനറൽ സെക്രട്ടറി ഹരി കുളങ്ങര, ട്രഷറർ ജാക്സൺ ജോസ്, വനിതാ വേദി ജനറൽ കൺവീനർ ഷെറിൻ ബിജു, സെക്രട്ടറി പ്രീന സുദർശൻ, ജോയന്റ് സെക്രട്ടറി വിജി ജിജോ, വൈസ് പ്രസിഡന്റ് രജീഷ് ചിന്നൻ, ജോയന്റ് ട്രഷറർ വിനീത് വിൽസൺ, ജോയന്റ് സെക്രട്ടറിമാരായ ജയേഷ് ഏങ്ങണ്ടിയൂർ, നിതിൻ ഫ്രാൻസിസ്, കളിക്കളം കോഓഡിനേറ്റർ മാനസ പോൾസൺ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.