കുവൈത്ത് സിറ്റി: കുവൈത്തിൽ ബൂസ്റ്റർ ഡോസ് വാക്സിനെടുക്കാത്തവർക്ക് യാത്രാനിയന്ത്രണം ഏർപ്പെടുത്തുമെന്ന തീരുമാനം പ്രാബല്യത്തിൽ. രണ്ടു ഡോസ് പൂർത്തിയാക്കി ഒമ്പതു മാസം പിന്നിട്ടവർക്കാണ് ഇതു ബാധകമാവുക.
വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ വൈറസ് വകഭേദം പടരുന്ന സാഹചര്യത്തിലാണ് കുവൈത്ത് ബൂസ്റ്റർ ഡോസ് സംബന്ധിച്ച നയം കടുപ്പിച്ചത്. മന്ത്രിസഭ തീരുമാനം വന്നതിനു ശേഷം ബൂസ്റ്റർ എടുക്കാൻ എത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ട്.
മിശ്രിഫ് വാക്സിനേഷൻ സെൻററിലും ശൈഖ് ജാബിർ ബ്രിഡ്ജ് ഡ്രൈവ് ത്രൂ വാക്സിനേഷൻ സെൻററിലും അപ്പോയിൻമെൻറ് എടുക്കാതെ എത്തിയാലും ബൂസ്റ്റർ ഡോസ് നൽകുന്നുണ്ട്. മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്താൽ എല്ലാ ഗവർണറേറ്റിലെയും തിരഞ്ഞെടുക്കപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെത്തിയും കുത്തിവെപ്പെടുക്കാം.
ആദ്യ ഡോസ് ഫൈസർ, ഓക്സ്ഫോഡ്, മൊഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നിവയിൽ ഏത് സ്വീകരിച്ചാലും മൂന്നാം ഡോസ് ഫൈസർ ബയോൺടെക് ആണ് നൽകുന്നത്. ബൂസ്റ്റർ ഡോസ് വാക്സിൻ വിതരണത്തിനായി ആരോഗ്യമന്ത്രാലയം ഫീൽഡ് വാക്സിനേഷൻ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.
പള്ളികൾ, സഹകരണ സംഘങ്ങൾ, പൊതുഗതാഗത സംവിധാനം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർക്കാണ് കാമ്പയിനിലൂടെ ബൂസ്റ്റർ ഡോസ് നൽകുന്നത്. ആരോഗ്യമന്ത്രാലയത്തിനു കീഴിലെ പ്രൈമറി ഹെൽത്ത് കെയർ സെൻട്രൽ അഡിമിനിസ്ട്രേഷന്റെ നേതൃത്വത്തിൽ ഫീൽഡ് കാമ്പയിന്റെ എട്ടാം ഘട്ടത്തിനാണ് തുടക്കമായത്. രാജ്യത്തെ വിവിധ പള്ളികളിൽ ജോലിചെയ്യുന്ന ആറായിരത്തോളം ജീവനക്കാർക്ക് തുടക്കത്തിൽ ഫീൽഡ് കാമ്പയിനിലൂടെ വാക്സിൻ നൽകുന്നത്.
ഇതു പൂർത്തിയായാൽ ഉടൻ സഹകരണ സംഘങ്ങൾ, പബ്ലിക് ട്രാൻസ്പോർട്ട് കമ്പനികൾ എന്നിവയിലെ ജീവനക്കാർക്കും നൽകും. അടുത്ത ഘട്ടത്തിൽ എണ്ണ മേഖല, ടെലികമ്യൂണിക്കേഷൻ, ഫ്ലോർ മിൽസ്, ക്ഷീര സംസ്കരണം, വാണിജ്യ സമുച്ചയങ്ങൾ, ഗ്യാസ് സ്റ്റേഷനുകൾ എന്നിവയിലെ ജീവനക്കാരെയാണ് പരിഗണിക്കുക.
സിനിമ തിയറ്ററുകൾ, ഹോട്ടൽ, റസ്റ്റാറൻറ്, ബാങ്കുകൾ, ഹുസൈനിയകൾ എന്നീ മേഖലകളെയും ഫീൽഡ് വാക്സിനേഷൻ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.