കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ് യാൻ കുവൈത്തിലെത്തി. അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് യു.എ.ഇ പ്രസിഡന്റിനെ അമീരി ടെർമിനലിൽ നേരിട്ടെത്തി സ്വീകരിച്ചു.
കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹ്, വിദേശകാര്യമന്ത്രി അബ്ദുല്ല അൽ നഹ്യ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും വിമാനത്താവളത്തിലെത്തി.
ബയാൻ പാലസിലേക്ക് പരമ്പരാഗത കലാപരിപാടികൾ, കുതിരപ്പടയാളികൾ എന്നിവയോടെയാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ് യാനെ ആനയിച്ചത്. സൈനിക ഹെലികോപ്ടറുകളും അനുഗമിച്ചു. ഇരു രാജ്യങ്ങളുടെയും പതാകകൾ ഉയർത്തി കുട്ടികളും കലാ സംഘങ്ങളും റോഡിന് ഇരുവശവും അണിനിരന്നു.
പാലസിൽ അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ പീരങ്കികൾ 21 റൗണ്ട് വെടിയുതിർത്തു. ബയാൻ പാലസിൽ യു.എ.ഇ പ്രസിഡന്റിനും പ്രതിനിധി സംഘത്തിനും വിരുന്നൊരുക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾ, സമ്പദ്വ്യവസ്ഥ, നിക്ഷേപം, വ്യാപാര വിനിമയം എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നാഴികക്കല്ലാണ് സന്ദർശനമെന്ന് യു.എ.ഇ പ്രസിഡന്റുമായുള്ള ചർച്ചയിൽ അമീർ പറഞ്ഞു.
കുവൈത്തും യു.എ.ഇയും തമ്മിലുള്ള പ്രാദേശികമായും ആഗോളതലത്തിലുമുള്ള ഐക്യത്തിൽ അഭിമാനിക്കുന്നതായും അമീർ വ്യക്തമാക്കി. പുരോഗതിക്കും സമൃദ്ധിക്കും സാമ്പത്തിക സഹകരണം ഉറച്ച അടിത്തറയാണെന്ന് വിശ്വസിക്കുന്നതായി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ് യാൻ പറഞ്ഞു. ജി.സി.സി തങ്ങളുടെ പൊതു താൽപര്യമായ പ്രാദേശിക സുരക്ഷ, സ്ഥിരത എന്നിവ ഉറപ്പുനൽകുന്നതായും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.