കുവൈത്ത് സിറ്റി: യുക്രെയ്നും കുവൈത്തും പരസ്പര സഹകരണം ഉറപ്പാക്കുന്ന വിവിധ കരാറുകളിൽ ഒപ്പുവെച്ചു. അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറയും യുക്രെയ്ൻ പ്രസിഡൻറ് പെട്രോ പൊറോഷെൻകോയുടെയും സാന്നിധ്യത്തിൽ ബയാൻ പാലസിൽ ഞായറാഴ്ചയായിരുന്നു ചടങ്ങ്. സൈനിക സഹകരണം ലക്ഷ്യമാക്കിയുള്ളതാണ് ഇതിൽ ഒന്ന്. കുവൈത്തിനുവേണ്ടി പ്രതിരോധമന്ത്രി ശൈഖ് നാസർ സബാഹ് അൽ അഹ്മദ് അസ്സബാഹും യുക്രെയ്ൻ പ്രതിരോധമന്ത്രി സ്റ്റീഫൻ ബെൽട്രാക്കുമാണ് ഇതിൽ ഒപ്പുവെച്ചത്.
കായികമേഖലയിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിനുള്ള രണ്ടാമത്തെ കരാറിൽ കുവൈത്ത് സ്പോർട്സ്-യുവജനകാര്യമന്ത്രി ഖാലിദ് അൽ റൗദാനും യുക്രെയ്ൻ വികസനകാര്യമന്ത്രി സ്റ്റീഫൻ കൊബേഫും ഒപ്പുവെച്ചു. ശാസ്ത്ര-ഗവേഷണ കാര്യങ്ങളിൽ സഹകരണം ലക്ഷ്യമാക്കിയുള്ള മൂന്നാമത്തെ കരാറിൽ കുവൈത്ത് സയൻറിഫിക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സമീറ അഹ്മദ് സയ്യിദ് ഉമറും കുവൈത്തിലെ യുക്രെയ്ൻ അംബാസഡർ വ്ലാദിമിർ ടോൽകാഷുമാണ് ഒപ്പുവെച്ചത്. ധാരണപ്പത്രങ്ങളിൽ ഒപ്പുവെക്കുന്നതിനുമുമ്പ് അമീറും പെട്രോ പൊറോഷെൻകോയും ഇരു രാജ്യങ്ങൾക്കും താൽപര്യമുള്ള വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി. ഔദ്യോഗിക സന്ദർശന ഭാഗമായി ഞായറാഴ്ചയാണ് യുക്രെയ്ൻ പ്രസിഡൻറ് പെട്രോ പൊറോഷെൻകോയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കുവൈത്തിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.