കുവൈത്ത് സിറ്റി: ‘ഉമ്മ ഞങ്ങൾക്കരികിലെത്തി, എല്ലാവർക്കും നന്ദി. ഇത്രപെട്ടെന്ന് കാര്യങ്ങൾ ശരിയാകുമെന്ന് കരുതിയതല്ല. ഉമ്മ സന്തോഷത്തോടെയിരിക്കുന്നു.’ ഫോണിൽ ഈ സന്ദേശം കേൾക്കവെ കെ.എൽ കുവൈത്ത് പ്രവർത്തകർ ഒരിക്കൽ കൂടി ആഹ്ലാദംകൊണ്ടു. തങ്ങളുടെ പ്രവർത്തനം വിജയിച്ചിരിക്കുന്നു.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം വിതുര സ്വദേശിനി മാൻസ ബീവി കെ.എൽ കുവൈത്ത് പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലേക്കു തിരിച്ചത്. കുവൈത്തിൽ ഗ്യാസ് സ്റ്റൗവിൽനിന്നുണ്ടായ തീപിടിത്തത്തെത്തുടർന്ന് പൊള്ളലേറ്റ മാൻസ ബീവി ദിവസങ്ങളായി അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. പൊള്ളൽ അത്യാവശ്യം ഭേദപ്പെട്ടെങ്കിലും നിയമപ്രശ്നങ്ങളും സാമ്പത്തിക പ്രയാസങ്ങളും കാരണം നാട്ടിൽ പോകാനായില്ല. തുടർന്ന് കെ.എൽ കുവൈത്ത് പ്രതിനിധികളായ സമീർ, സിറാജ് കടക്കൽ എന്നിവരുടെ ഇടപെടലാണ് മാൻസ ബീവിക്ക് നാട്ടിലെത്താൻ സഹായകമായത്.
വർഷങ്ങൾക്കുമുമ്പ് ഫ്രീ വിസ എന്ന നിലയിൽ ലക്ഷങ്ങൾ കൊടുത്താണ് മാൻസ ബീവി കുവൈത്തിലെത്തിയത്. എന്നാൽ, ഏജന്റ് വിസ അടിച്ചു കൊടുക്കാതെ നാട്ടിലേക്കു മുങ്ങി. കഫീലിന് ഇവരെ ബന്ധപ്പെടാൻ സാധിച്ചതുമില്ല. തുടർന്ന് കഫീൽ ഇവർക്കെതിരെ മിസിങ് കേസ് കൊടുത്തു.ഇതോടെ പലരുടെയും സഹായത്തോടെ ചെറിയ ജോലികൾ ചെയ്തു ജീവിക്കുകയായിരുന്നു മാൻസ ബീവി. അതിനിടെയാണ് പൊള്ളലേറ്റത്. ശരീരത്തിലും മുഖത്തും കൈയിലും പൊള്ളലേറ്റു. തുടർന്ന് അദാൻ ഹോസ്പിറ്റലിലും അവിടെനിന്ന് സബാ ഹോസ്പിറ്റലിലേക്കും (ഇബൻ സിനാ) മാറ്റേണ്ടിവന്നു. ദിവസങ്ങളോളം നാട്ടിലുള്ളവർക്ക് ഇവരെക്കുറിച്ച് ഒരു വിവരവും ലഭ്യമായിരുന്നില്ല. തുടർന്ന് കെ.എൽ കുവൈത്ത് ഫൗണ്ടറും സാമൂഹിക പ്രവർത്തകനുമായ സിറാജ് കടയ്ക്കലിനെ കുടുംബം ബന്ധപ്പെട്ടു.
ശേഷം നടത്തിയ അന്വേഷണത്തിലാണ് മാൻസയെ കണ്ടെത്തിയത്. വിസ, പാസ്പോർട്ട് എന്നിവയുടെ തടസ്സങ്ങൾ ഇന്ത്യൻ എംബസി ഇടപെട്ടു നീക്കി. മറ്റു പ്രവർത്തനങ്ങൾക്ക് സമീർ, ഷാനവാസ് ബഷീർ ഇടമൺ, സിതോജ് ഇടുക്കി, സർജിമോൻ, അനീഷ്, വിനയ് എന്നിവർ ചേർന്ന് ഒരുക്കി. യാത്രക്കുമുമ്പ് മാൻസ ബീവിക്ക് താമസിക്കാനുള്ള ഇടവും ഒരുക്കി. ചെലവിനുള്ള ചെറിയ തുകയും മിഠായികളും നൽകിയാണ് കെ.എൽ കുവൈത്ത് പ്രവർത്തകർ മാൻസയെ വിമാനത്താവളത്തിൽനിന്ന് യാത്രയാക്കിയത്. യാത്രക്കുമുമ്പ് ഇന്ത്യൻ എംബസിക്കും ആരോഗ്യപ്രവർത്തകർക്കും കെ.എൽ കുവൈത്തിനും കണ്ണീരോടെ മാൻസ ബീവി നന്ദിയറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.