കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സുരക്ഷ അപകടത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള ഏത് ശ്രമത്തെയും ശക്തമായി നേരിടുമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ്. ആരും നിയമത്തിന് അതീതരല്ല. രാജ്യത്തിന്റെ സുരക്ഷ കേടുകൂടാതെയിരിക്കാനുള്ള ശ്രമങ്ങളിൽ സുരക്ഷ ഉദ്യോഗസ്ഥർ ജാഗ്രതയോടെയും സ്ഥിരതയോടെയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യസുരക്ഷയെ കുറിച്ചുള്ള കാര്യങ്ങൾ വിലയിരുത്തുന്നതിനായി ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു.
ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്ത് നടന്ന യോഗത്തിൽ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ്, അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു. മാതൃരാജ്യത്തിന്റെയും പൗരന്മാരുടെയും സുരക്ഷ സംരക്ഷിക്കുന്നതിൽ സംഭാവനകൾ നൽകുന്നതിൽ സുരക്ഷ ഉദ്യോഗസ്ഥരെ ശൈഖ് തലാൽ രാജ്യത്തിന്റെ പരമോന്നത നേതൃത്വത്തിന്റെ ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ മേഖലകളും നടത്തിയ മഹത്തായ ശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു.
രാജ്യത്തിന്റെ സുരക്ഷ വർധിപ്പിക്കുന്നതിന് കൂടുതൽ ശ്രമങ്ങൾ നടത്തേണ്ടതിന്റെയും സുരക്ഷ തുടർനടപടികൾ തീവ്രമാക്കേണ്ടതിന്റെയും ആവശ്യകത ശൈഖ് തലാൽ ഉദ്യോഗസ്ഥരെ ഉണർത്തി. പ്രശ്നങ്ങൾ പരിഹരിക്കുകയും രാജ്യത്തിന്റെ സുരക്ഷയെ തകർക്കാൻ ശ്രമിക്കുന്നവരെ ശക്തമായി നേരിടാനും ആവശ്യപ്പെട്ടു. നിയമങ്ങൾ എല്ലാവർക്കും ബാധകമാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ ശൈഖ് തലാൽ കൂടുതൽ പരിശ്രമവും ജാഗ്രതയും പുലർത്താനും, വെല്ലുവിളികളും അപകടസാധ്യതകളും മറകടക്കാനും ഉദ്യോഗസഥരെ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.