കുവൈത്ത് സിറ്റി: പ്രതിപക്ഷ ഐക്യത്തിന് തടയിടാനും അസ്വാരസ്യങ്ങൾ സൃഷ്ടിക്കാനുമാണ് ഏക സിവിൽ കോഡ് ബി.ജെ.പി സർക്കാർ തുറന്നുവിട്ടിട്ടുള്ളതെന്ന് യൂത്ത് ഇന്ത്യ കുവൈത്ത്. പ്രതിസന്ധി വരുമ്പോൾ വിവാദങ്ങൾ സൃഷ്ടിച്ച് യഥാർഥ വിഷയത്തിൽനിന്ന് ജനങ്ങളെ വഴിതെറ്റിച്ചുവിടുക എന്നത് ബി.ജെ.പി സർക്കാർ നാളിതുവരെയായി പയറ്റിപ്പോരുന്ന നയമാണ്. പ്രതിപക്ഷ പാർട്ടികൾ ഏക സിവിൽ കോഡ് മുഖ്യചർച്ചയാക്കുകയും അങ്ങനെ ബി.ജെ.പി ലക്ഷ്യംവെച്ചത് വിജയിക്കുന്ന കാഴ്ചയുമാണിപ്പോൾ. യുക്തിയോടെയും അവധാനതയോടെയും ഏക സിവിൽ കോഡ് വിഷയം കൈകാര്യംചെയ്യണം. ഇന്ത്യയിലെ മുഴുവൻ പേരെയും ബാധിക്കുന്ന പ്രശ്നം എന്ന നിലക്ക് എല്ലാവരെയും കൃത്യമായി ബോധ്യപ്പെടുത്തി ഒരുമിച്ചു പോരാടണം.
ബി.ജെ.പി എറിഞ്ഞുനൽകുന്ന എല്ലാ വഞ്ചനച്ചരടുകളിലും കെട്ടിപ്പിണയാൻ നിൽക്കാതെ അവഗണിച്ച് പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കുന്നതിൽ വിജയിച്ചാൽ രാജ്യം നേരിടുന്ന ഭീഷണിയിൽനിന്ന് കരകയറാൻ സാധിക്കും.
കർണാടകയിൽ കോൺഗ്രസ് നേടിയ വിജയം വർഗീയതക്കുമേലുള്ള ജനാധിപത്യത്തിന്റെ വിജയമായി കാണാനും വരും തെരഞ്ഞെടുപ്പുകളിലേക്കുള്ള മാതൃകയായി മനസ്സിലാക്കാനും സാധിക്കണമെന്നും യൂത്ത് ഇന്ത്യ കുവൈത്ത് പ്രസിഡന്റ് മഹ്നാസ്, വൈസ് പ്രസിഡന്റ് ഉസാമ അബ്ദുറസാഖ്, ജനറൽ സെക്രട്ടറി സിജിൽ ഖാൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.