എസ്.എം.എസ് നഷ്ടമായവരും മാസങ്ങളായി കാത്തിരിക്കുന്നവരും വീണ്ടും രജിസ്റ്റർ ചെയ്യണം
കുവൈത്ത് സിറ്റി: കുവൈത്തിെൻറ തെക്കൻ മേഖലയായ വഫ്രയിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രം ആരംഭിച്ചു. 5000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള കേന്ദ്രം വഫ്ര നിവാസികൾക്ക് മാത്രമായാണ് സജ്ജീകരിച്ചത്. ഇതോടെ രാജ്യത്തെ കുത്തിവെപ്പ് കേന്ദ്രങ്ങളുടെ എണ്ണം 40 ആയി.
മാസങ്ങൾക്ക് മുമ്പ് രജിസ്റ്റർ ചെയ്തിട്ടും അപ്പോയൻറ്മെൻറ് ലഭിച്ചില്ലെങ്കിൽ രജിസ്ട്രേഷൻ പുതുക്കണമെന്ന് അധികൃതർ നിർദേശിച്ചു. രജിസ്ട്രേഷനിലെ അപാകതയോ അപ്പോയൻറ്മെൻറ് എസ്.എം.എസ് ശ്രദ്ധിക്കാത്തതോ ആകാം കാരണമെന്ന് അധികൃതർ സൂചിപ്പിച്ചു. മിഷ്രിഫ് ഇൻറർനാഷനൽ എക്സിബിഷൻ സെൻററിലെ കോവിഡ് വാക്സിനേഷൻ െഎ.ടി ഡെസ്കിൽ അന്വേഷിച്ചാലും സ്റ്റാറ്റസ് അറിയാം. ആരോഗ്യ മന്ത്രാലയം അയച്ച എസ്.എം.എസ് നഷ്ടമായവർ വീണ്ടും രജിസ്റ്റർ ചെയ്യണം.
രജിസ്റ്റർ ചെയ്ത മുഴുവൻ പേർക്കും ആഗസ്റ്റ് 31നകം ആദ്യ ഡോസ് വാക്സിൻ നൽകാൻ കഴിയുമെന്നാണ് വിലയിരുത്തൽ. നവംബർ അവസാനത്തോടെ ഇവർക്കെല്ലാം രണ്ടാം ഡോസും നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. മുഴുവനാളുകൾക്കും രണ്ട് ഡോസ് വാക്സിൻ നൽകി സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കാനാണ് ലക്ഷ്യം.
അതിനിടെ ഇനിയും ധാരാളം പേര് വാക്സിനേഷന് രജിസ്റ്റർ ചെയ്തിട്ടില്ല. രജിസ്റ്റർ ചെയ്തിട്ടും 45,000 പേർ അപ്പോയൻറ്മെൻറ് തീയതിയിൽ വാക്സിൻ സ്വീകരിക്കാൻ എത്തിയില്ല. കഴിഞ്ഞ ഡിസംബർ തൊട്ട് പല സമയത്തായി രജിസ്റ്റർ ചെയ്തവരാണ് കുത്തിവെപ്പ് സ്വീകരിക്കാൻ എത്താതിരുന്നത്. പ്രതിദിനം ഒരു ലക്ഷത്തിലധികം പേർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകുന്നതായാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. എല്ലാ ആഴ്ചയും ഫൈസർ വാക്സിൻ എല്ലാ ആഴ്ചയും എത്തുന്നതും ഒാക്സ്ഫഡ് ആസ്ട്രസെനക കൂടുതൽ ഡോസ് ലഭ്യമായതുമാണ് വാക്സിനേഷൻ ദൗത്യം വേഗത്തിലാക്കാൻ സഹായിച്ചത്. കുത്തിവെപ്പിൽ ഗണ്യമായ പുരോഗതി കൈവരിക്കാനായതോടെ പ്രതിദിന കേസുകളും രോഗ സ്ഥിരീകരണ നിരക്കും ഗണ്യമായി കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.