കുവൈത്ത് സിറ്റി: രാജ്യത്ത് താമസ നിയമം ലംഘിക്കുന്ന പ്രവാസികൾക്കെതിരെ കര്‍ശന നടപടികളുമായി അധികൃതര്‍. പരിശോധനയില്‍ പിടികൂടുന്നവരെ ബയോമെട്രിക് സ്കാൻ നടത്തി ഉടന്‍ നാടുകടത്തും. വിരലിൽ ശസ്ത്രക്രിയ നടത്തി പരിശോധന മറികടന്ന് രാജ്യത്ത് പ്രവേശിക്കാന്‍ ശ്രമിച്ച രണ്ടുപേരെ കഴിഞ്ഞ ദിവസം പിടികൂടിയതിനെ തുടര്‍ന്നാണ് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നത്.
വിരലറ്റത്തിന്റെ പുറംഭാഗം നീക്കി ശസ്ത്രക്രിയ നടത്തി വിരലടയാളത്തിൽ മാറ്റം വരുത്തിയാണ് രണ്ടുപേര്‍ രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ചത്. വിമാനത്താവളത്തിൽ നടത്തിയ സൂക്ഷ്മപരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇതോടെ നാടുകടത്തിയ പ്രവാസികള്‍ തിരികെ പ്രവേശിക്കുന്നത് തടയാന്‍ കർശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നാടുകടത്തുന്നതിനു മുമ്പ് പ്രതികളുടെ ബയോമെട്രിക് സ്കാൻ പൂര്‍ത്തീകരിക്കും. നാടുകടത്തല്‍ നടപടിയും വേഗത്തിലാക്കും. നിയമം ലംഘിക്കുന്നവരുമായി വിട്ടുവീഴ്ച വേണ്ടെന്ന ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാലിന്റെ പ്രത്യേക നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി ത്വരിതപ്പെടുത്തുന്നതെന്ന് പ്രാദേശിക മാധ്യമമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തിന്റെ പ്രവേശന കവാടങ്ങളിൽ പഴുതടച്ച പരിശോധനക്കും നിർദേശം നൽകിയിട്ടുണ്ട്. കര-വ്യോമ അതിര്‍ത്തികളില്‍ സജ്ജീകരിച്ചിരിക്കുന്ന ബയോമെട്രിക് സംവിധാനങ്ങള്‍ വഴി രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കുന്നവരെ തടയാന്‍ കഴിയും. തൽഹ ജയിലിൽ കഴിയുന്ന പാസ്പോർട്ടുള്ള പ്രവാസികളെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടന്‍ നാടുകടത്തും. രേഖകളില്ലാത്ത പ്രവാസികളെ എംബസികളുമായി ബന്ധപ്പെട്ട് അതിവേഗം നടപടികള്‍ സ്വീകരിക്കും. നിയമലംഘകരെ സഹായിക്കുന്ന വിദേശ പൗരന്മാരെയും നാടുകടത്തും. നിയമലംഘനങ്ങൾക്ക് പ്രേരിപ്പിക്കുന്ന സ്ഥാപനങ്ങളും നിയമനടപടികൾ നേരിടേണ്ടിവരും. നിയമലംഘകർക്ക് അഭയം നൽകുകയോ മറച്ചുവെക്കുകയോ ചെയ്യുന്നവരും പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. കഴിഞ്ഞ ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ 25,414 പ്രവാസികളെയാണ് കുവൈത്തില്‍നിന്ന് നാടുകടത്തിയത്. ഇതില്‍ 14,579 പേര് പുരുഷന്മാരും 10,835 പേര് സ്ത്രീകളുമാണ്.
നിയമലംഘകരെ പിടികൂടാനുള്ള പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നടന്ന പരിശോധനയിൽ നിരവധി പേരാണ് അറസ്റ്റിലായത്. പിടികൂടുന്ന പ്രവാസികളെ പാർപ്പിക്കാൻ ജലീബ് അൽ ഷുയൂഖിലെയും ഖൈത്താനിലെയും ഉപയോഗിക്കാത്ത രണ്ട് സ്കൂളുകൾ തടങ്കൽ ഇടങ്ങളാക്കി മാറ്റുമെന്നും റിപ്പോർട്ടുണ്ട്. പൊലീസ് സെല്ലുകളുടെയും നാടുകടത്തൽ കേന്ദ്രങ്ങളുടെയും ഭാരം ലഘൂകരിക്കൽ ലക്ഷ്യമിട്ടാണ് ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.