കുവൈത്ത് സിറ്റി: രാജ്യത്ത് ഫിലിപ്പീന്‍സുകാര്‍ക്കുള്ള വിസ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എല്ലാതരം ജോലികളും പ്രവേശന വിസകളും നിർത്തിവെച്ചിട്ടുണ്ട്. ഇതോടെ പുതിയ വിസയിൽ ഫിലിപ്പീന്‍സിൽനിന്നുള്ളവർക്ക് കുവൈത്തിൽ എത്താനാകില്ല. എന്നാല്‍, നിലവില്‍ രാജ്യത്ത് കഴിയുന്നവര്‍ക്കും കുവൈത്തില്‍ വിസയുള്ളവര്‍ക്കും വിലക്ക് ബാധകമല്ലെന്നാണ് സൂചന.
2018 മേയിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റിന് ഇരു രാജ്യങ്ങളും പുതിയ കരാറിൽ ഒപ്പുവെച്ചിരുന്നു. ഈ കരാറിലെ വ്യവസ്ഥകള്‍ പാലിക്കാത്ത പശ്ചാത്തലത്തിലാണ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹിന്റെ നിർദേശത്തെ തുടർന്നാണ് നടപടിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫിലിപ്പീൻസ് വീട്ടുജോലിക്കാരി കുവൈത്തിൽ ദാരുണമായി കൊല്ലപ്പെട്ടതിനെ തുടർന്ന് ഈ വർഷം ഫെബ്രുവരിയിൽ ഫിലിപ്പീന്‍സ് കുവൈത്തിലേക്ക് വീട്ടുജോലിക്കാരെ വിന്യസിക്കുന്നത് നിർത്തിവെച്ചിരുന്നു.
തുടർന്ന് ഇരുരാജ്യങ്ങളും ഒപ്പുവെച്ച തൊഴിൽ കരാർ പുനഃപരിശോധിക്കാനും തൊഴിലാളികളുടെ സംരക്ഷണത്തിന് കൂടുതൽ ഉറപ്പുനൽകാനുള്ള ഉഭയകക്ഷി ചർച്ചകൾക്ക് ശ്രമം നടന്നുവരുന്നതിനിടെയാണ് കുവൈത്ത് വിസകള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. 2,68,000 ഫിലിപ്പീൻസുകാർ കുവൈത്തിലുണ്ടെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.