കുവൈത്ത് സിറ്റി: കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിസിറ്റിങ് ഡോക്ടേഴ്സ് പ്രോഗ്രാമിന്റെ ഭാഗമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം ലോകമെമ്പാടുമുള്ള 93 വിദഗ്ധ ഡോക്ടർമാരെ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു. എല്ലാ മാസവും വിവിധ മെഡിക്കൽ മേഖലകളിൽ വിദഗ്ധരായ നിരവധി കൺസൽട്ടന്റുമാരെ മന്ത്രാലയത്തിന് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രോഗികളെ ചികിത്സിക്കുന്നതിനൊപ്പം അനുഭവങ്ങൾ പങ്കുവെക്കുകയും സെമിനാറുകളിലൂടെയും ശിൽപശാലകളിലൂടെയും മെഡിക്കൽ ലോകത്തെ സമീപകാല സംഭവവികാസങ്ങൾ ചർച്ച ചെയ്യുകയുമാണ് പരിപാടിയുടെ ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു.
അതേസമയം, ക്യാമ്പിംഗ് സീസണിൽ കാറുകൾ, മോട്ടോർ സൈക്കിളുകൾ, ബഗ്ഗികൾ എന്നിവയുമായി ബന്ധപ്പെട്ട അപകടങ്ങളുടെ എണ്ണം വർധിക്കുന്നതിനെതിരെ ഡോ. അൽ സനദ് മുന്നറിയിപ്പ് നൽകി. ഡിസംബർ ആദ്യം മുതൽ ഇത്തരം അപകടങ്ങളുടെ 700 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തലക്ക് ക്ഷതങ്ങൾ, എല്ലുകൾ ഒടിവ്, സന്ധികൾക്ക് സ്ഥാനഭ്രംശം, ആന്തരിക രക്തസ്രാവം, മരണം എന്നിവയും ഇത്തരം അപകടങ്ങളിൽ ഉണ്ടായി. അശ്രദ്ധമായി വാഹനമോടിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകാനും അവരുടെ ജീവനും മറ്റുള്ളവരുടെ ജീവനും സംരക്ഷിക്കാൻ ട്രാഫിക് നിയമങ്ങൾ പാലിക്കാൻ അവരെ പ്രോത്സാഹിപ്പിക്കാനും ഡോ. അൽ സനദ് രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.