കുവൈത്ത് സിറ്റി: വെല്‍ഫെയര്‍ കേരള കുവൈത്ത് കേന്ദ്ര നേതാക്കൾ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജുമായി ചർച്ച നടത്തി. കോവിഡ് കാലത്ത് സൗജന്യ ചാർട്ടര്‍ വിമാനം അയച്ചതുള്‍പ്പെടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
കോവിഡ് പ്രതിസന്ധിയിലകപ്പെട്ട ഇന്ത്യൻ പ്രവാസി സമൂഹത്തിന് അംബാസഡറുടെയും എംബസിയുടെയും ഇടപെടലുകൾ വലിയ ആശ്വാസമേകിയതായി നേതാക്കൾ ചൂണ്ടിക്കാട്ടി. വിവിധ വിഷയങ്ങള്‍ ശ്രദ്ധയില്‍പെടുത്തി അംബാസഡര്‍ക്ക് നിവേദനം സമര്‍പ്പിച്ചു.
നാട്ടിലെ വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പറും തീയതിയും രേഖപ്പെടുത്തുക, മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള ഫോറം ഓൺലൈനിൽ ലഭ്യമാക്കുക, ചെലവ് കാലതാമസം കൂടാതെ എംബസിയില്‍നിന്ന് ലഭ്യമാക്കുക, എംബസിയുടെ നേതൃത്വത്തില്‍ റുമൈതിയ ലേബര്‍ ഓഫിസില്‍ ഹെല്പ് ഡെസ്ക് സ്ഥാപിക്കുക, റിക്രൂട്ടിങ് കമ്പനികളുടെ ആധികാരികത ഉറപ്പുവരുത്താന്‍ ഹെല്പ് ഡെസ്ക് സ്ഥാപിക്കുക, നാട്ടിലകപ്പെട്ട തുച്ഛവരുമാനക്കാരായ പ്രവാസികള്‍ക്ക് കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍നിന്നും സാമ്പത്തിക സഹായം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.
താമസരേഖ പുതുക്കാൻ കുറഞ്ഞത് ഒരുവര്‍ഷം പാസ്പോര്‍ട്ട് കാലാവധി വേണമെന്ന നിബന്ധനയില്‍ ഇളവ് ലഭിക്കാൻ നയതന്ത്ര ഇടപെടല്‍ വേണമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. നിര്‍ദേശങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് അംബാസഡര്‍ ഉറപ്പുനല്‍കി.
വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡൻറ് അന്‍വര്‍ സഈദ്, ട്രഷറര്‍ ഷൗക്കത്ത് വളാഞ്ചേരി, വൈസ് പ്രസിഡൻറുമാരായ അനിയന്‍കുഞ്ഞ്, ലായിക് അഹ്മദ്, സെക്രട്ടറിമാരായ വഹീദ ഫൈസല്‍, അഷ്കര്‍ മാളിയേക്കല്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.