കുവൈത്ത് സിറ്റി: ലോകകപ്പ് യോഗ്യതക്കായുള്ള അടുത്ത റൗണ്ടും ഏഷ്യൻ കപ്പ് യോഗ്യതയും ലക്ഷ്യമിട്ട് കുവൈത്ത് ചൊവ്വാഴ്ച ഖത്തറിനെതിരെ മത്സരത്തിനിറങ്ങുന്നു. അവശേഷിക്കുന്ന മൂന്നു കളികൾ നിർണായകമാണെന്നതിനാൽ ഇന്നത്തെ മത്സരം കുവൈത്തിന്റെ ഭാവിയും തീരുമാനിക്കും.
ഇന്ത്യയും അഫ്ഗാനിസ്താനും കൂടി ഉൾപ്പെടുന്ന ഗ്രൂപ്പിൽ കുവൈത്ത് നിലവിൽ മൂന്നാം സ്ഥാനത്താണ്. ഖത്തറിനോടും ഇന്ത്യയോടും ആദ്യ കളികളിൽ തോൽവിയറിഞ്ഞ കുവൈത്ത് അഫ്ഗാനിസ്താനെതിരെ മാത്രമാണ് വിജയം കണ്ടത്.
ഗ്രൂപ്പിൽനിന്ന് ആദ്യ രണ്ടു ടീമുകൾക്കാണ് ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ട് പ്രവേശനവും ഏഷ്യ കപ്പ് പ്രവേശനവും ലഭിക്കുക. ഇതിനാൽ ചൊവ്വാഴ്ച തോൽവി ഒഴിവാക്കേണ്ടത് കുവൈത്തിന് അനിവാര്യമാണ്.
ഫർവാനിയ അലി സബാഹ് അൽ സാലിം സ്റ്റേഡിയത്തിൽ രാത്രി 10നാണ് മത്സരം. കാണികൾക്ക് സൗജന്യ പ്രവേശനം ഉണ്ടായിരിക്കുമെന്ന് കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു. സ്റ്റേഡിയത്തിൽ പ്രത്യേകമായി തിരിച്ച നിയുക്ത സ്ഥലങ്ങൾ എല്ലാവരും നിർബന്ധമായും പാലിക്കണമെന്നും ഫെഡറേഷൻ വ്യക്തമാക്കി. ഖത്തറിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ കുവൈത്ത് പൊരുതി നിന്നെങ്കിലും രണ്ടാം പകുതിയിൽ മൂന്നു ഗോൾ വഴങ്ങി തോറ്റിരുന്നു. ജൂൺ ആറിന് ഇന്ത്യയുമായും 11ന് അഫ്ഗാനിസ്താനുമായാണ് കുവൈത്തിന്റെ അടുത്ത മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.