കുവൈത്ത് സിറ്റി: ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഇറാഖിന് കുവൈത്തിന്റെ സമനിലക്കുരുക്ക്. കുവൈത്തിലെ ജാബിർ അൽ അഹ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച രാത്രി ഒമ്പതിന് നടന്ന മത്സരത്തിൽ നിശ്ചിത സമയത്തും അധിക സമയത്തും ഗോളുകളൊന്നും നേടാനാകാതെയാണ് ഇരുവരും കളം വിട്ടത്.
ആദ്യ മത്സരത്തിൽ ജോർഡനുമായി സമനിലയിൽ പിരിഞ്ഞ കുവൈത്തിന് ഇറാഖുമായുള്ള മത്സരം നിർണായകമായിരുന്നു. കളിയുടെ ആദ്യമിനിറ്റിൽ തന്നെ ഇറാഖ് താരം റെബിൽ സുലാഖ ചുവപ്പ് കാർഡ് കണ്ടുമടങ്ങിയതോടെ പത്തുപേരുമായാണ് ഇറാഖ് പൊരുതിയത്. പന്ത് കൈവശം വെക്കുന്നതിൽ കുവൈത്ത് ആധിപത്യം സ്ഥാപിച്ചെങ്കിലും കുവൈത്ത് പോസ്റ്റിലേക്ക് ഇറാഖിന്റെ ആക്രമണമായിരുന്നു.
കളിയുടെ 49ാം മിനിറ്റിൽ കുവൈത്തിനായി റഫറി പെനാൽട്ടി വിധിച്ചെങ്കിലും വാർ പരിശോധനയിൽ നിഷേധിക്കുകയായിരുന്നു. കുവൈത്തിന് പുറമേ ദക്ഷിണ കൊറിയ, ഇറാഖ്, ജോർഡൻ, ഒമാൻ, ഫലസ്തീൻ എന്നീ രാജ്യങ്ങളാണ് മൂന്നാം റൗണ്ടിലെ ഗ്രൂപ് ബിയിലുള്ളത്.
ടീമുകളെല്ലാം രണ്ടു കളികൾ വീതം പൂർത്തിയാക്കിയതോടെ ഒരു ജയവും ഒരു സമനിലയുമായി നാല് പോയന്റോടെ ജോർഡൻ, സൗത്ത് കൊറിയ, ഇറാഖ് എന്നീ ടീമുകൾ പട്ടികയിൽ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്ത് തുടരുകയാണ്. കളിച്ച രണ്ട് മത്സരങ്ങളിലും സമനിലയായതിനാൽ രണ്ടു പോയന്റുമായി കുവൈത്ത് നാലാം സ്ഥാനത്താണ്. ഒക്ടോബർ പത്തിന് ഒമാനുമായാണ് കുവൈത്തിന്റ അടുത്ത മത്സരം.
അവശേഷിക്കുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായാലേ കുവൈത്തിന് ലോകകപ്പ് കളിക്കുകയെന്ന സ്വപ്നത്തിലേക്കെത്താനാകൂ. ഗ്രൂപ്പിലെ ടീമുകൾ ഹോം ആൻഡ് എവേ മത്സരങ്ങളിലായി പരസ്പരം ഏറ്റുമുട്ടുന്നതിൽ ആദ്യ രണ്ടു സ്ഥാനക്കാർ നേരിട്ട് ലോകകപ്പിന് യോഗ്യത നേടും. മൂന്നും നാലും സ്ഥാനക്കാർ നാലാം റൗണ്ടിലേക്ക് കടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.