കുവൈത്ത് സിറ്റി: ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ട് ആദ്യ മത്സരത്തിൽ ശക്തരായ ജോർഡനെ സമനിലയിൽ തളച്ച് കുവൈത്ത്. ജോർഡനിലെ അമ്മാൻ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും 1-1 സമനിലയിൽ പിരിഞ്ഞു. മത്സരം ആരംഭിച്ച് 13-ാം മിനിറ്റിൽ മൂസ അൽ താമാരിയിലൂടെ ജോർഡൻ മുന്നിലെത്തി.
മറുപടി ഗോളിനായി കുവൈത്ത് പരിശ്രമിച്ചെങ്കിലും ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ജോർഡൻ പ്രതിരോധിച്ചുനിന്നു. മത്സരം കൈവിടുമോ എന്ന ഘട്ടത്തിൽ 92-ാം മിനിറ്റിൽ യൂസഫ് അൽ സൽമാന്റെ ഗോളിലൂടെ കുവൈത്ത് സമനില നേടിയെടുക്കുകയായിരുന്നു. മത്സരത്തിലുടനീളം കുവൈത്ത് താരങ്ങൾ എതിരാളികൾക്കെതിരെ മികച്ച പ്രകടനമാണ് നടത്തിയത്.
ജോർഡനെതിരായ സമനില കുവൈത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ്. ജോർഡന്റെ സ്വന്തം ഗ്രൗണ്ടിലെ സമനില കുവൈത്തിന് മുൻതൂക്കം നൽകും. ഫിഫ ലോക റാങ്കിങ്ങിൽ 68-ാം സ്ഥാനത്തുള്ള ജോർഡനെയാണ് 136ാം സഥാനത്തുള്ള കുവൈത്ത് പിടിച്ചുകെട്ടിയത്. ചൊവ്വാഴ്ച ഇറാഖിനെതിരെയാണ് കുവൈത്തിന്റെ അടുത്ത മത്സരം.
മൂന്നാം റൗണ്ടിൽ ഗ്രൂപ്പ് ബിയിൽ ദക്ഷിണ കൊറിയ, ഇറാഖ്, ജോർഡൻ, ഒമാൻ, ഫലസ്തീൻ എന്നി എന്നീ രാജ്യങ്ങളാണ് കുവൈത്തിനൊപ്പമുള്ളത്. ഗ്രൂപ്പിൽനിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിൽവരുന്നവർ നേരിട്ട് ലോകകപ്പിന് യോഗ്യത നേടും. മൂന്നും നാലും സ്ഥാനക്കാർ നാലാം റൗണ്ടിലേക്ക് കടക്കും. ഇറാഖിനെതിരായ മത്സരത്തിൽ വിജയിച്ച് ഗ്രൂപ്പിൽ ആധിപത്യം നിലനിർത്താണ് കുവൈത്ത് ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.