ഒരു വർഷംകൂടി വിടപറയുന്നു. 2022ലും സമ്മിശ്രമായിരുന്നു ലോകവും രാജ്യവും. ലക്ഷ്യസാക്ഷാത്കാരത്തിനൊപ്പം പല നഷ്ടങ്ങൾക്കും വിജയങ്ങൾക്കും കഴിഞ്ഞ വർഷവും സാക്ഷിയായി. പതിവുപോലെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മാനവരാശി മുന്നോട്ടുപോയി. കോവിഡ് തളർത്തിയ രണ്ടു വർഷങ്ങൾക്കുശേഷം പ്രതീക്ഷയുടെയും പ്രത്യാശയുടെയും മിന്നലാട്ടങ്ങള്‍ കണ്ട വര്‍ഷമാണ് 2022. കുവൈത്തും അതിൽനിന്ന് ഭിന്നമായിരുന്നില്ല. കാലത്തിന്റെ മഹാപ്രവാഹത്തിൽ ഈ കുഞ്ഞുരാജ്യവും വലിയ സ്വപ്നങ്ങളുമായി മുന്നേറി.
ഡോ. ആദർശ് സ്വൈക കുവൈത്തിലെ പുതിയ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റു. മലയാളിയായ സിബി ജോർജ് ജപ്പാനിലേക്ക് മാറിയതോടെയാണ് ഡോ. ആദർശ് സ്വൈക കുവൈത്തിലെ ചുമതല ഏറ്റെടുത്തത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ ജോയന്റ് സെക്രട്ടറി പദവിയിൽനിന്നാണ് ഡോ. ആദർശ് സ്വൈക അംബാസഡറായി എത്തിയത്. 2002ലെ ഐ.എഫ്.എസ് ബാച്ച് അംഗമാണ്. പ്രവാസികളുമായി നല്ല അടുപ്പം പുലർത്തിയിരുന്ന സിബി ജോർജിന്റെ മടക്കം മലയാളികൾക്ക് വലിയ നഷ്ടമായി.
ദേശീയ അസംബ്ലിയായ ‘മജ്ലിസുൽ ഉമ്മ’യിലേക്കുള്ള വോട്ടെടുപ്പിൽ ഒരിക്കൽക്കൂടി രാജ്യത്തെ ജനം വിധിയെഴുതി. 17ാം അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പിനാണ് സെപ്റ്റംബർ 29ന് രാജ്യം സാക്ഷ്യംവഹിച്ചത്. 50 സീറ്റുകളിലേക്കായി 27 വനിതകൾ അടക്കം 305 സ്ഥാനാർഥികളാണ് മത്സര രംഗത്തിറങ്ങിയത്. 30ന് പുലർച്ചയോടെ ഫലം പുറത്തുവന്നു. സ്ത്രീ പ്രതിനിധികളായി രണ്ടാം മണ്ഡലത്തിൽനിന്ന് ആലിയ അൽ ഖാലിദും മൂന്നാം മണ്ഡലത്തിൽ ജിനാൻ ബുഷെഹ്രിയും വിജയിച്ച് പുതുചരിത്രമെഴുതി.
പുതിയ സര്‍ക്കാർ
ഒക്ടോബർ 17ന് പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ 15 മന്ത്രിമാർ അടങ്ങുന്ന പുതിയ സർക്കാർ നിലവിൽവന്നു.11 പുതുമുഖങ്ങൾ ഉൾപ്പെട്ട മന്ത്രിസഭയിൽ രണ്ടു വനിതകളും ദേശീയ അസംബ്ലിയിലേക്ക് വിജയിച്ച രണ്ട് എം.പിമാരും ഉൾപ്പെട്ടു. ഡോ. അമാനി സുലൈമാൻ ബുഖാമസ്, മായി ജാസിം അൽ ബാഗിൽ എന്നിവരാണ് വനിത മന്ത്രിമാർ.
സെപ്റ്റംബർ 29ലെ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിനും ഫലപ്രഖ്യാപനത്തിനും പിറകെ ഒക്ടോബർ അഞ്ചിന് ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിനെ പ്രധാനമന്ത്രിയായി പുനർനിയമിച്ച് ഉത്തരവിറങ്ങി. മന്ത്രിമാരെ തിരഞ്ഞെടുക്കാനുള്ള ചുമതലയും അദ്ദേഹത്തിന് നൽകി. വൈകാതെ മന്ത്രിമാരുടെ പട്ടിക പ്രധാനമന്ത്രി തയാറാക്കുകയും അമീറിന് സമർപ്പിക്കുകയും ചെയ്തു. എന്നാൽ, ഇതിനെതിരെ എം.പിമാർ രംഗത്തുവരുകയും ചിലരെ മാറ്റണമെന്ന് ആവശ്യപ്പെടുകയും ഉണ്ടായി. തുടർന്ന് ഒക്ടോബർ 17ന് പുതിയ മന്ത്രിമാരെ നിശ്ചയിക്കുകയായിരുന്നു.
മൂന്നാം മണ്ഡലത്തിൽനിന്ന് റെക്കോഡ് വോട്ടോടെ വിജയിച്ച അഹ്മദ് അൽ സദൂൻ നീണ്ട ഇടവേളക്കുശേഷം പാർലമെന്റ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. 1985, 1992, 1996 വർഷങ്ങളിൽ ദേശീയ അസംബ്ലിയുടെ സ്പീക്കറായിരുന്ന സദൂൻ 1975 മുതൽ തുടർച്ചയായി 10 തവണ പാർലമെന്റ് അംഗമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദേശീയ അസംബ്ലിയുടെ കാലാവധി അവസാനിക്കുന്നതുവരെ ഭരണഘടനയുടെ 92ാം അനുഛേദപ്രകാരം സദൂൻ പദവിയിൽ തുടരും.
ആഗസ്റ്റിൽ ലോകത്ത് ഏറ്റവും ചൂടേറിയ ഇടമായി കുവൈത്തിലെ ജഹ്റ. 53 ഡിഗ്രി സെൽഷ്യസിലേക്ക് താപനില ഉയർന്നാണ് ജഹ്റ ഒന്നാമതെത്തിയത്. സുലൈബിയയിൽ 52.1 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തുകയുണ്ടായി.
ജൂണിൽ ലോകത്തിലെ ഏറ്റവും ഉയർന്ന താപനിലയുള്ള 15 സ്ഥലങ്ങളുടെ പട്ടികയിൽ ആദ്യ അഞ്ചു സ്ഥാനത്തും കുവൈത്തിലെ സ്ഥലങ്ങളാണ് ഇടംപിടിച്ചത്. ജഹ്റ -51 , സുലൈബിയ മേഖല -50, അബ്ദലി -49.7, വഫ്ര കാർഷിക മേഖല -49.6, കുവൈത്ത് വിമാനത്താവളം -49.4 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയായിരുന്നു താപനില.
കോവിഡിനുശേഷം കുവൈത്തിലേക്കുള്ള കുടുംബ സന്ദർശനവിസ അനുവദിക്കുന്നത് അനിശ്ചിതമായി നിര്‍ത്തിവെച്ചത് മലയാളികള്‍ അടക്കമുള്ള വിദേശികള്‍ക്ക് വലിയ പ്രയാസം സൃഷ്ടിച്ചു. നിബന്ധനകള്‍ക്ക് വിധേയമായി അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാത്രമാണ് ഇപ്പോള്‍ പരിമിതമായി വിസ അനുവദിക്കുന്നത്. കുടുംബ വിസയും സന്ദര്‍ശക വിസയും അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരുമെന്നും സൂചനകളുണ്ട്.
നാലാമത് ഏഷ്യൻ കൗമാര കായികമേളക്ക് കഴിഞ്ഞ വർഷം കുവൈത്ത് വേദിയായി. മേളയിൽ ഇന്ത്യ ജേതാക്കളായത് പ്രവാസികൾ ആഘോഷിച്ചു. ചൈന തായ്പേയ് ഇന്ത്യക്ക് കനത്ത വെല്ലുവിളി ഉയർത്തിയെങ്കിലും അവസാനം നടന്ന ആൺകുട്ടികളുടെ റിലേയിൽ സർണം നേടി ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു. 2019ലെ മേളയിൽ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ഇന്ത്യക്ക് കുവൈത്തിലെ നേട്ടം മധുര പ്രതികാരമായി.
ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മൂന്ന് മലയാളികളും അഭിമാന നേട്ടവുമായാണ് കുവൈത്തിൽനിന്ന് മടങ്ങിയത്. 400 മീ. റിലേയിൽ അഭിരാം, ആഷ്ലിൻ അലക്സാണ്ടർ എന്നിവർ സ്വർണം നേടി. ഡിസ്കസ്ത്രോയിൽ സൻവർ ഇന്ത്യക്കായി വെള്ളി നേടി.
2020ലെ കടുത്ത പ്രതിസന്ധിയും 2021ലെ അതിജീവനവും പിന്നിട്ട് ബിസിനസ് മേഖല ഉണർന്ന വർഷമായിരുന്നു 2022. കോവിഡിനെ അതിജീവിച്ച് ജനജീവിതം സാധാരണ നിലയിലെത്തിയതോടെ വ്യാപാര സ്ഥാപനങ്ങളും പഴയ നിലയിലായി. പ്രവാസികളുടെ മടങ്ങിവരവോടെ സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, ട്രാവൽസ് മേഖല, മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ തുടങ്ങിയവ സജീവമായി. പല സ്ഥാപനങ്ങൾ നിരവധി പുതിയ ബ്രാഞ്ചുകളും ഔട്ട്ലറ്റുകളും തുറന്ന് ബിസിനസ് രംഗത്ത് വലിയ കുതിച്ചുചാട്ടവും നടത്തി.
കുവൈത്തിൽ എഴുപേരുടെ വധശിക്ഷ നടപ്പാക്കിയത് രാജ്യാന്തര തലത്തിൽ ചർച്ചയായി. വധശിക്ഷക്കെതിരെ യൂറോപ്യൻ യൂനിയനും യൂറോപ്യൻ കമീഷൻ വൈസ് പ്രസിഡന്റും രംഗത്തെത്തി. എന്നാൽ, ഇതിനെതിരെ കുവൈത്ത് ശക്തമായി പ്രതികരിച്ചു. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടൽ വേണ്ടെന്ന മുന്നറിയിപ്പുമായി കുവൈത്ത് രംഗത്തെത്തി. കുവൈത്തിനെതിരായ പ്രസ്താവനകളെ അറബ്പാർലമെന്റും തള്ളി. കുവൈത്തിന് ഷെങ്കൻ വിസ ഒഴിവാക്കൽ സംബന്ധമായി യൂറോപ്യൻ പാർലമെന്റിന്റെ ഇടങ്കോലിടലിനും ഈ വര്‍ഷം സാക്ഷിയായി. പൗരസ്വാതന്ത്ര്യം, നീതി, ആഭ്യന്തരകാര്യങ്ങൾ എന്നിവ സംബന്ധിച്ച കമ്മിറ്റി ഇതുസംബന്ധിച്ച നിർദേശം പാസാക്കി യൂറോപ്യൻ പാർലമെന്റിന് അയച്ചെങ്കിലും പാർലമെന്റ് തിരിച്ചയച്ചു.
രാജ്യത്തെ പ്രമുഖ ഗോള നിരീക്ഷകനും കാലാവസ്ഥ പ്രവചകനുമായ ഡോ. സാലിഹ് അൽ ഉജൈരിയുടെ വിയോഗം പോയവര്‍ഷത്തെ വലിയ നഷ്ടമാണ്.
കാലാവസ്ഥ മാറ്റങ്ങളെക്കുറിച്ചും പെരുന്നാളും നോമ്പും സംബന്ധിച്ചും ഉജൈരിയുടെ പ്രവചനം കൃത്യമായിരുന്നു. ജ്യോതിശാസ്ത്ര മേഖലയിലെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി ഡോ. സാലിഹ് അൽ ഉജൈരി തയാറാക്കിയ അല്‍ ഉജൈരി കലണ്ടർ പ്രസിദ്ധമാണ്.
കുവൈത്തിൽനിന്ന് നാട്ടിലേക്കുള്ള വിമാനസർവിസുകൾ വർധിപ്പിക്കാത്തതും ഷെഡ്യൂളുകൾ താളംതെറ്റുന്നതും പോയ വർഷവും തുടർന്നു.
സീസണിൽ വാനംമുട്ടെ ഉയരുന്ന ടിക്കറ്റ് നിരക്കും മലയാളികളായ പ്രവാസികൾക്ക് ദുരിതം തീർക്കുന്നത് തുടരുന്നു. ഓണം, പെരുന്നാൾ, ക്രിസ്മസ് ആഘോഷവേളകളിലും സ്കൂൾ അവധിക്കാലത്തും നാട്ടിലെത്താൻ വലിയ തുകയാണ് പ്രവാസികൾ ചെലവഴിക്കേണ്ടിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.