കുവൈത്ത് സിറ്റി: രൂപവത്കരണ കാലംമുതൽ സംഘടനയെ നയിച്ചവരെ ഒരുമിച്ചുചേർത്ത് യൂത്ത് ഇന്ത്യ കുവൈത്ത്. 1999ൽ ഇസ്ലാമിക് യൂത്ത് അസോസിയേഷൻ കുവൈത്ത് രൂപവത്കരിച്ചതു മുതൽ ഇതുവരെയുള്ള ഭാരവാഹികളാണ് ഒത്തുചേർന്നത്. സംഘടനയുടെ നാൾവഴികൾ ഓർത്തെടുത്ത സംഗമം പഴയതും പുതിയതുമായ ഭാരവാഹികൾക്കും പ്രവർത്തകർക്കും മനോഹരമായ അനുഭവമായി. ഫഹാഹീൽ യൂനിറ്റി സെന്ററിൽ നടന്ന ആദ്യകാല നേതാക്കളുടെ സംഗമത്തോട് കൂടി യൂത്ത് കോൺഫറൻസ് -2022 കാമ്പെയ്ൻ പരിപാടികൾക്കും തുടക്കമായി.
ഇസ്ലാമിക് യൂത്ത് അസോസിയേഷൻ കുവൈത്ത് പ്രഥമ പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ, സംഘടനയുടെ പേര് മാറ്റി യൂത്ത് ഇന്ത്യ എന്നാക്കിയശേഷമുള്ള പ്രഥമ പ്രസിഡന്റ് ഖലീലുർറഹ്മാൻ, നിലവിലെ കെ.ഐ.ജി വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി, പല കാലങ്ങളിൽ യൂത്ത് ഭാരവാഹിത്വത്തിൽ ഉണ്ടായ നിലവിലെ കെ.ഐ.ജി പ്രസിഡന്റ് പി.ടി ശരീഫ്, അൻവർ സയീദ്, അബ്ദുറഹിമാൻ, ഫിറോസ് ഹമീദ്, റഫീഖ് ബാബു, സി.കെ. നജീബ്, പി.ടി. ഷാഫി, എം.കെ. നജീബ്, ഷുക്കൂർ, കെ.വി. ഫൈസൽ, അഷ്കർ മാളിയേക്കൽ, അൻവർ ഷാജി, നൈസാം, ബാസിത്ത്, അൻസാർ, സാജിദ്, നൗഫൽ, ഷഫീർ എന്നിവർ സംസാരിച്ചു. ഖത്തറിലുള്ള മുൻ പ്രസിഡന്റ് അർഷദ്, സലീം എന്നിവരും ഓൺലൈൻ ആയി സംസാരിച്ചു.
നിറം മങ്ങാത്ത സ്മരണകളും അനുഭവങ്ങളും പങ്കുവെച്ച സംഗമത്തിൽ കഴിഞ്ഞ കാലങ്ങളിൽ യൂത്ത് ഇന്ത്യ നടത്തിയ പല പരിപാടികളും ഓർത്തെടുത്തു. അബ്ബാസിയയിൽ ലഹരിക്കെതിരെ നടന്ന ബോധവത്കരണ പരിപാടിയായ കൂട്ടയോട്ടം, മരുഭൂമിയിലും ലേബർ ക്യാമ്പിലും നടന്ന ഭക്ഷണവിതരണം, കലാ കായിക പരിപാടികൾ തുടങ്ങിയ പരിപാടികൾ തുടരേണ്ടവ ആണെന്ന് അഭിപ്രായം ഉയർന്നു. കാലഘട്ടത്തിന്റെ തേട്ടം മനസ്സിലാക്കി നൂതന പരിപാടികൾ ആവിഷ്കരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
യൂത്ത് ഇന്ത്യ പ്രസിഡന്റ് മഹ്നാസ് മുസ്തഫ അധ്യക്ഷത വഹിച്ചു. ഫഹീം യൂത്ത് കോൺഫറൻസ് പരിപാടികൾ വിശദീകരിച്ചു. പ്രോമോ വിഡിയോ സക്കീർ ഹുസൈൻ തുവ്വൂർ പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.