മസ്കത്ത്: വ്യവസ്ഥകളില്‍ അയവുവരുത്തി ഒമാന്‍ ഖനനനിയമം പരിഷ്കരിക്കാന്‍ ഒരുങ്ങുന്നു. പബ്ളിക് അതോറിറ്റി ഫോര്‍ മൈനിങ് രൂപംനല്‍കിയ കരട് നിയമം അംഗീകാരത്തിനായി മന്ത്രിതല സമിതിക്ക് മുന്നിലാണ്. വിദേശ നിക്ഷേപം ആകര്‍ഷിക്കാനായി സുതാര്യമായതും അയവുള്ളതുമായ വ്യവസ്ഥകളാണ് പുതിയ കരട് നിയമത്തില്‍ ഉള്ളതെന്ന് വ്യവസായ വാണിജ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അഹമ്മദ് ബിന്‍ ഹസന്‍ അല്‍ ദീബ് അറിയിച്ചു. കരട് നിയമം ഇപ്പോള്‍ നിയമമന്ത്രാലയത്തിന്‍െറ പരിഗണനയിലാണ്.
എണ്ണയിതര വരുമാനത്തിലും ആഭ്യന്തര ഉല്‍പാദനത്തിലുമുള്ള വിഹിതം വര്‍ധിപ്പിക്കുംവിധം ഖനനമേഖലയെ വികസിപ്പിക്കാന്‍ നിയമ ഭേദഗതിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മസ്കത്തില്‍ ഒമാന്‍ മിനറല്‍ ആന്‍ഡ് മൈനിങ് എക്സിബിഷനില്‍ അല്‍ ദീബ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാജ്യത്തിന്‍െറ സമ്പദ്വ്യവസ്ഥക്ക് ഗുണം പകരുംവിധം ഖനന മേഖലയെ മാറ്റിയെടുക്കുന്നതിന് സുല്‍ത്താന്‍െറ ഉത്തരവ് പ്രകാരം കഴിഞ്ഞ വര്‍ഷം അവസാനമാണ് പബ്ളിക് അതോറിറ്റി ഫോര്‍ മൈനിങ് രൂപവത്കരിച്ചത്. സംസ്കരിച്ച ധാതുക്കളുടെ കയറ്റുമതിയിലാണ് പബ്ളിക് അതോറിറ്റി ശ്രദ്ധയൂന്നുക. ഇതിനായുള്ള നിയമനിര്‍മാണത്തിനൊപ്പം നിക്ഷേപാന്തരീക്ഷം ഉണ്ടാക്കുകയും പ്രാദേശിക ജനവിഭാഗങ്ങളുടെ ആശങ്ക പരിഹരിക്കാനായി ഘടനാപരമായ സംവിധാനം ഉണ്ടാക്കുകയുമാണ് അതോറിറ്റി ലക്ഷ്യമിടുന്നതെന്ന് എക്സിബിഷന്‍െറ ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിച്ച അതോറിറ്റി അസി. ജനറല്‍ മാനേജര്‍ ഡോ. അലി അല്‍ റജ്ഹി പറഞ്ഞു.
കാര്യക്ഷമമായി വിനിയോഗിച്ചാല്‍ രാഷ്ട്രത്തിന്‍െറ സമ്പദ്ഘടനക്ക് കരുത്തേകാന്‍തക്ക ധാതുസമ്പത്ത് ഒമാനിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരവധി വികസനപ്രവര്‍ത്തനങ്ങളാണ് ഖനനമേഖലയില്‍ നടക്കുന്നതെന്നും ഇതിന്‍െറ ഫലമായി അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ധാതു ഉല്‍പാദനത്തില്‍ കാര്യമാത്രമായ വര്‍ധന ഉണ്ടാകുമെന്നും സമ്മേളനത്തില്‍ പേപ്പര്‍ അവതരിപ്പിച്ച അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേയിലെ മൊവാഫ തായിബ് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ആഭ്യന്തര ഉല്‍പാദനത്തില്‍ എണ്ണയിതര മേഖലയുടെ വിഹിതം 18 ശതമാനമാണ്. 2013ല്‍ എണ്ണയിതര വരുമാനത്തിന്‍െറ രണ്ടു ശതമാനം ഖനന മേഖലയില്‍നിന്നായിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി വ്യവസായിക ധാതുക്കളുടെ ഉല്‍പാദനത്തില്‍ മികച്ച വളര്‍ച്ചയാണുള്ളത്. 2010 മുതല്‍ 14 വരെ കാലയളവില്‍ ജിപ്സം ഉല്‍പാദനം ആറിരട്ടി വര്‍ധിച്ചു.
ചുണ്ണാമ്പുകല്ലിന്‍െറ ഖനനമാകട്ടെ ഇക്കാലയളവില്‍ 4.6 ദശലക്ഷം ടണ്ണില്‍നിന്ന് 8.7 ദശലക്ഷം ടണ്ണായും ഉയര്‍ന്നു. സിമന്‍റ്, മാര്‍ബിള്‍ ഉല്‍പാദനവും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ വര്‍ധിച്ചിട്ടുണ്ട്.
ക്രോമൈറ്റ് ഉല്‍പാദനരംഗത്തെ മുന്‍നിര രാഷ്ട്രമാണ് ഒമാന്‍. ഇറാന്‍ കഴിഞ്ഞാല്‍ മേഖലയിലെ രണ്ടാമത്തെ ജിപ്സം ഉല്‍പാദകരും ഒമാന്‍ ആണെന്ന് കണക്കുകള്‍ പറയുന്നു. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അലുമിനിയം ഉല്‍പാദിപ്പിക്കുന്നത് ജി.സി.സി രാഷ്ട്രങ്ങളാണ്. ഇതില്‍ യു.എ.ഇ ഒന്നാമതും ഒമാന്‍ അഞ്ചാം സ്ഥാനത്തുമാണെന്നും മൊവാഫ തായിബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.