എണ്ണവിലയിടിവിന്‍െറ ആഘാതം മറികടക്കാന്‍ ശ്രമങ്ങള്‍ ഊര്‍ജിതം

മസ്കത്ത്: താഴ്ചയിലേക്ക് പതിക്കുന്ന എണ്ണവിലയിടിവ് സമ്പദ്ഘടനക്ക് ഏല്‍പിക്കുന്ന ആഘാതങ്ങള്‍ മറികടക്കാന്‍ ഒമാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. സാമ്പത്തികരംഗത്ത് കൂടുതല്‍ പരിഷ്കരണത്തിന് സര്‍ക്കാര്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. വരുമാന നികുതി നിയമം, വിദേശ നിക്ഷേപ നിയമം എന്നിവയുടെ പരിഷ്കരണമാകും നടപ്പാക്കുകയെന്നാണ് സൂചനകള്‍. നിയമപരിഷ്കരണങ്ങളുടെ സാധ്യത വിശകലനം ചെയ്ത് തീരുമാനമെടുക്കാന്‍ മന്ത്രിതല സമിതി ശൂറാ, സ്റ്റേറ്റ് കൗണ്‍സിലുകളെ ചുമതലപ്പെടുത്തിയിരുന്നു. കൗണ്‍സില്‍ അംഗങ്ങള്‍ ഉള്‍പ്പെട്ട സാമ്പത്തികകാര്യ സമിതി വിവിധ വകുപ്പുകളുമായി പരിഷ്കരണം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി തീരുമാനമെടുക്കുമെന്ന് ശൂറാ കൗണ്‍സില്‍ അംഗത്തെ ഉദ്ധരിച്ച് ഗള്‍ഫ്ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 
ഒമാന്‍ എണ്ണയുടെ വില 11 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോഴുള്ളതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളോടും കമ്പനികളോടും ജീവനക്കാര്‍ക്ക് അധിക അലവന്‍സുകള്‍ നല്‍കരുതെന്ന് നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഖജനാവിന് അമിതഭാരമുണ്ടാകുന്നത് ഒഴിവാക്കാനാണ് അലവന്‍സുകളില്‍ നിയന്ത്രണം വരുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്ത് ബജറ്റ് എയര്‍ലൈന്‍സ് ആരംഭിക്കാന്‍ കരാര്‍ നേടിയ കമ്പനിയെ ഈ ആഴ്ച പ്രഖ്യാപിക്കുമെന്നും വാര്‍ത്തകളുണ്ട്. വിദേശ നിക്ഷേപംവരുന്ന വഴികള്‍ തുറക്കുന്നതില്‍ കാലതാമസം വേണ്ടതില്ളെന്നതിനാലാണ് ഈ തീരുമാനമെന്ന് സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഡോ. മുഹമ്മദ് അല്‍ സാബി പറഞ്ഞു. 
അതേസമയം, എണ്ണവിലയിടിവിന്‍െറ പശ്ചാത്തലത്തിലും എണ്ണ, വാതക മേഖലകളിലെ പര്യവേക്ഷണത്തിനും ഖനനത്തിനും കൂടുതല്‍ തുക മുടക്കുമെന്ന് എണ്ണ, പ്രകൃതി വാതകമന്ത്രി ഡോ. മുഹമ്മദ് ബിന്‍ ഹമദ് അല്‍ റൂംഹി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. തൊഴിലവസരവും പരിശീലനവും കൂടുതല്‍ ലഭ്യമാക്കുന്നതിനാകും എണ്ണമേഖലയിലെ പ്രമുഖ കമ്പനികളുമായി ചേര്‍ന്ന് പദ്ധതികള്‍ നടപ്പാക്കുക. ഈ വര്‍ഷം പര്യവേക്ഷണവുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് സര്‍ക്കാര്‍ മുടക്കിയത് 407.1 ദശലക്ഷം റിയാലാണെന്നും അടുത്ത വര്‍ഷം കൂടുതല്‍ ചെലവ് വരുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞമാസം അടുത്ത വര്‍ഷത്തെ ബജറ്റും ഒമ്പതാമത് പഞ്ചവത്സര പദ്ധതിയും ചര്‍ച്ചചെയ്യാന്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ശൂറാ കൗണ്‍സില്‍ യോഗം ചേര്‍ന്നിരുന്നു. രാജ്യത്തിന്‍െറ വരുമാനത്തില്‍ 75 ശതമാനവും എണ്ണയില്‍ നിന്നാണെന്നും എണ്ണവിലയിടിവുമൂലം ബജറ്റ്കമ്മി കുതിച്ചുയരുന്ന അവസ്ഥയാണെന്നും ധനകാര്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി നാസര്‍ അല്‍ ജഷ്മിയും പറഞ്ഞു. ആഗസ്റ്റ് അവസാനം വരെയുള്ള കണക്ക് പ്രകാരം 2.7 ശതകോടി റിയാലാണ് ബജറ്റ് കമ്മി. വിലയിടിവ് മറികടക്കാന്‍ കഴിഞ്ഞ ജൂലൈ മുതല്‍ എണ്ണ ഉല്‍പാദനത്തില്‍ രാജ്യം വര്‍ധന വരുത്തിയിട്ടുണ്ട്. 
ഒരു ദിവസം ഒരു ദശലക്ഷം ബാരല്‍ എന്ന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ വരെ രാജ്യത്തെ എണ്ണയുല്‍പാദനം ചെന്നത്തെിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.