മസ്കത്ത്: ലൈസൻസില്ലാത്ത തൊഴിലാളികൾ, നുഴഞ്ഞുകയറ്റക്കാർ തുടങ്ങി അനധികൃത ആളുകളെ ജോലിക്കുവെക്കുന്നതിനെതിരെ പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം. ഇത്തരം ആളുകളെ ജോലിക്കുവെക്കുന്നത് പിഴയും തടവ് ശിക്ഷക്കും ഇടയാക്കാൻ കാരണമാകും.
തൊഴിൽ നിയമത്തിലെ ആർട്ടിക്ൾ 143 അനുസരിച്ച് 10 ദിവസത്തിൽ കുറയാത്തതും ഒരു മാസത്തിൽ കൂടാത്തതുമായ തടവും 1,000 റിയാലിൽ കുറയാത്തതും 2,000 റിയാലിൽ കൂടാത്തതുമായ പിഴയുമാ യിരിക്കും ശിക്ഷ. അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലും ഒന്ന് ചുമത്തുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി. അതേസമയം, അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള പരിശോധന ഊർജിതമായാണ് വിവിധ ഗവർണറേറ്റുകളിൽ നടന്നുകൊണ്ടിരിക്കുന്നത്.
സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവിസസ് കോർപറേഷന്റെ ഇൻസ്പെക്ഷൻ യൂനിറ്റിന്റെ പിന്തുണയോടെയാണ് പരിശോധന കാമ്പയിനുകൾ നടത്തുന്നത്. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ പുരുഷന്മാരും സ്ത്രീകളുമുൾപ്പെടെ 9,042പേരാണ് അറസ്റ്റിലായത്. 7,612 പേരെ നാടുകടത്തുകയും ചെയ്തു.
അതേസസമയം, ജൂണിൽ മാത്രം 919 പ്രവാസികളെ നാട് കടത്തി . തൊഴിൽ മന്ത്രാലയത്തെ പ്രതിനിധാനം ചെയ്ത് മസ്കത്തിലെ ജോയിന്റ് ഇൻസ്പെക്ഷൻ ടീം ഓഫിസിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ലേബർ വെൽഫെയർ, സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവിസസ് കോർപറേഷന്റെ ഇൻസ്പെക്ഷൻ യൂനിറ്റിന്റെ പിന്തുണയോടെ നടത്തിയ പരിശോധന കാമ്പയിനിലാണ് ഇത്രയും പേരെ നാടുകടത്തുന്നത്.
ഇതിൽ സ്ത്രീകളും ഉൾപ്പെടും. 1,366 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒമാൻ വിഷൻ 2040ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി തൊഴിൽ വിപണി നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ഗവർണറേറ്റുകളിലും മന്ത്രാലയം പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പരിശോധനകൾ തുടരും. അനധികൃത തൊഴിലാളികളെയും നിയമവിധേയമല്ലാത്ത വ്യാപാരം നടത്തുന്നവരെയും കണ്ടെത്താനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ പരിശോധനകൾ ജനുവരി ഒന്നുമുതൽ വിവിധ പ്രദേശങ്ങളിൽ കർശനമായാണ് നടക്കുന്നത്.
സെക്യൂരിറ്റി ആൻഡ് സേഫ്റ്റി കോർപറേഷനുമായി തൊഴിൽ മന്ത്രാലയം ഡിസംബറിൽ കരാർ ഒപ്പുവെച്ചിരുന്നു. ഈ സംവിധാനം ഉപയോഗപ്പെടുത്തിയാണ് തൊഴിൽ നിയമലംഘന പരിശോധന ശക്തമാക്കിയിരിക്കുന്നത്. പ്രവാസികൾ ഏറെ തിങ്ങിപ്പാർക്കുന്ന മസ്കത്ത്, ദോഫാർ, വടക്ക്-തെക്ക് ബാത്തിന എന്നീ നാല് ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പരിശോധന നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.