മസ്കത്ത്: ഖരീഫ് കാലം ആരംഭിച്ചതോടെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സലാലയിലെ മലയാളികളടക്കമുള്ള വ്യാപാരി സമൂഹം. ഗൾഫ് മേഖലയിൽ സലാലയിൽ മാത്രം കാണുന്ന സവിശേഷതയാണ് നിരനിരയായുള്ള ഇളനീർ, പഴം-പച്ചക്കറി കടകൾ. മരത്തിൽ പണിത് തെങ്ങോലകൾ കൊണ്ടാണ് ഇത്തരം കടകളുടെ മേൽക്കൂര പണിയുന്നത്. ഖരീഫ് സീസണിൽ സജീവമാകുന്ന ഇത്തരം കടകൾ കേരളത്തിലെ നാട്ടിൻപുറങ്ങളിലെ ആദ്യകാല ചന്തകളുടെ ഓർമകളാണ് മലയാളിക്ക് സമ്മാനിക്കുക.
രാജ്യത്തിന്റെ ഇതര ഭാഗങ്ങളിൽനിന്നും മറ്റു ഗൾഫ് രാജ്യങ്ങളിൽനിന്നും സന്ദർശകർ വന്നു തുടങ്ങുന്നതോടെയാണ് ഇത്തം കടകൾ കുടുതൽ സജീവമാകുന്നത്. സലാലയിലെ തോട്ടങ്ങളിൽനിന്ന് ഉൽപാദിപ്പിക്കുന്ന കരിക്കുകളും പഴം-പച്ചക്കറികളുമാണ് ഇവിടെ വിപണനം ചെയ്യുന്നത്. മഴ പെയ്തു തുടങ്ങിയതോടെ സലാല പൂർണമായും ഖരീഫ് മൂഡിലേക്കു നീങ്ങിത്തുടങ്ങിയിട്ടുണ്ട്.
വരും ദിവസങ്ങളിൽ കൂടുതൽ സഞ്ചാരികൾ ഇവിടെ ഒഴുകുന്നതോടെ ഇത്തരം കടകളിൽ കച്ചവടം പൊടിപൊടിക്കും. സലാലയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം ഇത്തരം കടകളിൽ നിരത്തിവെച്ചിരിക്കുന്ന വാഴപ്പഴം, പപ്പായ, പേരക്ക, ഇളനീർ തുടങ്ങിയവയും രൂചിച്ചാണ് അധികപേരും സലാലയോട് സലാം പറയാറുള്ളത്.
ഖരീഫ് മഴയും മഞ്ഞും മാമലകളുടെ സൗന്ദര്യവും ആസ്വദിക്കുന്നതിനോടൊപ്പം സന്ദർശകർക്ക് ഒഴിവാക്കാനാകാത്ത കാഴ്ചയും അനുഭവവുമായിരിക്കും കടൽതീരത്തെ തോട്ടങ്ങളോടു ചേർന്ന് റോഡിന്റെ ഇരുവശങ്ങളിലുമായി നിരനിരയായിവെച്ചിട്ടുള്ള ഇളനീർ വിൽപന ശാലകൾ. മലയാളികളും ബംഗാളികളുമാണ് ഇത്തരം കടകൾ ഏറെയും നടത്തുന്നത്.
കാർഷിക സമൃദ്ധിക്ക് പേരുകേട്ട സ്ഥലമാണ് സലാല. വാഴ, നാരങ്ങ, പേരക്ക, പപ്പായ എന്നിവക്കൊപ്പം തെങ്ങ് കൃഷിയും ഈ പ്രദേശത്ത് ധാരളമായി കാണാം. ഈ വർഷം കൂടുതൽ കച്ചവടം നടക്കുമെന്നാണ് വ്യാപാരികൾ കണക്കുകൂട്ടുന്നത്. പതിവിൽനിന്ന് വ്യത്യസ്തമായി ടൂറിസം ഫെസ്റ്റിവൽ പരിപാടികൾ 90 ദിവസമാക്കിയത് പ്രതീക്ഷയേകുന്ന കാര്യമാണ്. മുൻവർഷങ്ങളിലിത് 45 ദിവസങ്ങളിലായിരുന്നു നടന്നത്.
അതിനാൽ ഈ വർഷം കൂടുതൽ സഞ്ചാരികളെത്താൻ സാധ്യതയുണ്ട്. സലാല ചൗക്കിലും ഹാഫയിലുമൊക്കെയായി സുഗന്ധദ്രവ്യങ്ങൾ, കുന്തിരിക്കം, ഒമാനി ഹൽവ, പാരമ്പര്യ വസ്ത്രശാലകൾ, ഭക്ഷണശാലകൾ തുടങ്ങിയ ഒട്ടുമിക്ക വ്യാപാരസ്ഥാപനങ്ങളും ഖരീഫ്കാല കച്ചവടത്തിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.