മസ്കത്ത്: ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന അജണ്ടയിൽ 82.2 ശതമാനവും കൈവരിച്ച് ഒമാൻ. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസനത്തിനുള്ള അജണ്ട 2030ൽ വിവരിച്ചിട്ടുള്ള 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (എസ്.ഡി.ജി) 14 എണ്ണവും സുൽത്താനേറ്റ് നടപ്പാക്കി. ആഗോള പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള ഏകീകൃത ശ്രമങ്ങളുടെ ആവശ്യകതയെ എടുത്തുകാട്ടുന്നതാണ് സുൽത്താനേറ്റിന്റെ ഈ ശ്രദ്ധേയമായ നേട്ടം.
സുസ്ഥിര വികസന ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിലെ ഒമാന്റെ പുരോഗതി, സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിനുള്ള സംരംഭങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച രണ്ടാമത്തെ സന്നദ്ധ ദേശീയ അവലോകനം സാമ്പത്തിക മന്ത്രി ഡോ.സഈദ് ബിൻ മുഹമ്മദ് അൽ സഖ്രിയുടെ നേതൃത്വത്തിലുള്ള ഒമാൻ പ്രതിനിധി സംഘം അവതരിപ്പിച്ചു.
എസ്.ഡി.ജികൾ നടപ്പിലാക്കുന്നതിലെ പുരോഗതിയെക്കുറിച്ചും ഈ ലക്ഷ്യങ്ങളും ഒമാൻ വിഷൻ 2040ന്റെ ലക്ഷ്യങ്ങളും തമ്മിലുള്ള സ്ഥിരത ഉറപ്പാക്കാനുള്ള ശ്രമങ്ങളെപ്പറ്റിയും പ്രതിനിധി സംഘം ഒരു പ്രദർശനവും സംഘടിപ്പിച്ചു.
ഒമാൻ നേടിയ ലക്ഷ്യങ്ങളിലൊന്നാണ് സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ശാക്തീകരണം. ഒമാനി സ്ത്രീകൾ മൊത്തം തൊഴിൽ ശക്തിയുടെ 32.1 ശതമാനം വരുന്നുണ്ട്. ഇൻഷുറൻസ്, സാമൂഹിക സംരക്ഷണ പരിപാടികൾവഴി പൊതു-സ്വകാര്യ മേഖലകളിലെ തൊഴിലാളികളെ ഉൾക്കൊള്ളുന്ന അന്താരാഷ്ട്ര നിലവാരത്തെ അടിസ്ഥാനമാക്കിയുള്ള ഒരു നൂതന സാമൂഹിക സംരക്ഷണ സംവിധാനവും ഒമാൻ സ്വീകരിച്ചിട്ടുണ്ട്.
പ്രായമായവർ, കുട്ടികൾ, ഭിന്നശേഷിക്കാർ, അനാഥർ, വിധവകൾ എന്നിവർക്കിത് നിരവധി ആനുകൂല്യങ്ങൾ നൽകുന്നു. യുവതയിൽ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് 360 സംരംഭങ്ങൾക്കാണ് സുൽത്താനേറ്റ് തുടക്കമിട്ടിരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭാവി കഴിവുകൾ ഉപയോഗിച്ച് അവരെ ശാക്തീകരിക്കുന്നതിനും സുസ്ഥിര വികസനത്തിൽ അവരുടെ പങ്ക് വർധിപ്പിക്കുന്നതിനുമായി ഒരു യുവജന കേന്ദ്രം സ്ഥാപിക്കുക എന്നതാണ്.
യുവജനങ്ങളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള തന്ത്രം ഒമാൻ തയാറാക്കുകയും ദേശീയ യുവജനദിനം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനായി 2050ഓടെ സീറോ കാർബൺ ന്യൂട്രാലിറ്റിയിലെത്താനുള്ള ഒമാൻ ദേശീയ പദ്ധതി നടപ്പിലാക്കുന്നു. കൂടാതെ ഊർജ മേഖല പുനരുപയോഗിക്കാവുന്നവയിലേക്ക് മാറുന്നതിനും ഊർജ ഉപഭോഗത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും എല്ലാ മേഖലകളിലെയും ഉദ്വമനം കുറക്കുന്നതിനുമുള്ള തന്ത്രവും സ്വീകരിച്ചു വരുന്നു.
ആഗോള ഭക്ഷ്യസുരക്ഷാ സൂചികയിൽ 35ാം സ്ഥാനത്താണ്. പാരിസ്ഥിതിക സുസ്ഥിരതയിൽ, ആഗോള പരിസ്ഥിതി പ്രകടന സൂചികയിൽ ഒമാൻ ആഗോളതലത്തിൽ 50-ാം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്. ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്ന നിരവധി സംരംഭങ്ങളും പരിപാടികളും നടപ്പിലാക്കിവരുന്നു.
2020-2024 ഇടക്കാല സാമ്പത്തിക പദ്ധതി വിജയകരമായി നടപ്പിലാക്കി. സാമ്പത്തിക സ്ഥിതി സുസ്ഥിരമാക്കുകയും പൊതുകടം 2020ലെ 70 ശതമാനത്തിൽനിന്ന് 2023 അവസാനത്തോടെ 38 ശതമാനമായി കുറച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.