ഉത്സവലഹരിയില്‍ സുല്‍ത്താനേറ്റ് 

മസ്കത്ത്: ഉത്സവാന്തരീക്ഷത്തില്‍ ഒമാന്‍ ഇന്ന് 45ാം ദേശീയദിനം ആഘോഷിക്കും. രാജ്യത്തെ ആധുനിക യുഗത്തിലേക്ക് നയിച്ച പ്രിയ ഭരണാധികാരിയോടുള്ള കൂറ് ആവര്‍ത്തിച്ച് പ്രഖ്യാപിക്കാനും ആഘോഷം അവിസ്മരണീയമാക്കാനും സ്വദേശികളും ഒപ്പം വിദേശികളും ഒരുങ്ങിക്കഴിഞ്ഞു. സൈനിക പരേഡിന് സുല്‍ത്താന്‍ നേതൃത്വം നല്‍കുമെന്ന വാര്‍ത്ത ആഘോഷ ഒരുക്കങ്ങള്‍ക്ക് ഇരട്ടിമധുരം പകര്‍ന്നിട്ടുണ്ട്. ദാഖിലിയ ഗവര്‍ണറേറ്റിലെ മനാ വിലായത്തിലെ ഹിസന്‍ അല്‍ ഷുമൂഖ് കൊട്ടാരത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയിലാണ് രാജ്യത്തിന്‍െറ സര്‍വസൈന്യാധിപന്‍ കൂടിയായ സുല്‍ത്താന്‍ വിവിധ സൈനിക വിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കുക. സുല്‍ത്താന്‍െറ സായുധസേനാ വിഭാഗങ്ങള്‍, റോയല്‍ ഗാര്‍ഡ് ഓഫ് ഒമാന്‍, റോയല്‍ ഒമാന്‍ പൊലീസ്, റോയല്‍ കോര്‍ട്ട് അഫയേഴ്സ് വിഭാഗങ്ങളും സംഗീത ട്രൂപ്പുകളും പരേഡില്‍ പങ്കെടുക്കും. സുല്‍ത്താനോടൊപ്പം മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ഉന്നത സേനാ ഉദ്യോഗസ്ഥര്‍ എന്നിവരും സൈനിക പരേഡില്‍ പങ്കെടുക്കും. 
പല ഗവര്‍ണറേറ്റുകളിലായി ആഴ്ചകള്‍ നീളുന്ന ആഘോഷങ്ങള്‍ക്കാണ് ഇന്ന് തുടക്കം കുറിക്കുക. കരിമരുന്ന് പ്രയോഗം, കുതിരയോട്ടം, ഒട്ടക ഓട്ട മത്സരങ്ങള്‍ തുടങ്ങിയവ നടക്കും. 24വരെ വിവിധ വിലായത്തുകളില്‍ പരേഡ് നടക്കും. സുല്‍ത്താനോട് കൂറുപ്രഖ്യാപിച്ച് വിവിധ വിലായത്തുകളില്‍ ജനങ്ങളുടെ ഘോഷയാത്രയും നടക്കും. ചിലയിടങ്ങളില്‍ തിങ്കളാഴ്ച ഘോഷയാത്ര നടന്നു. 
ദേശീയ ദിനാഘോഷ ഭാഗമായി സുല്‍ത്താന്‍ 160 തടവുകാര്‍ക്ക് മാപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ 67 വിദേശികളും ഉള്‍പ്പെടും. 1970ല്‍ അധികാരത്തിലേറിയ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്‍െറ ജന്മദിനമാണ് രാജ്യം ദേശീയദിനമായി ആഘോഷിക്കുന്നത്. എല്ലാ അഞ്ചുവര്‍ഷം കൂടുമ്പോഴും വലിയ രീതിയിലാണ് ആഘോഷങ്ങള്‍ നടക്കാറ്. ഇന്ന് 75 വയസ്സ് തികയുന്ന പ്രിയഭരണാധികാരിയോടുള്ള ഇഷ്ടത്താല്‍ ഈ വര്‍ഷം മുമ്പെങ്ങുമില്ലാത്ത പൊലിമയോടെയുള്ള ആഘോഷങ്ങളാണ് ഒരുങ്ങുന്നത്. കഴിഞ്ഞവര്‍ഷം സുല്‍ത്താന്‍െറ അസാന്നിധ്യത്തിലായിരുന്നു ദേശീയദിന ആഘോഷങ്ങള്‍. ചികിത്സക്കായി ജര്‍മനിയിലേക്ക് പോയ അദ്ദേഹത്തിന്‍െറ അസാന്നിധ്യം സംബന്ധിച്ച് ഏറെ കിംവദന്തികള്‍ പരന്നിരുന്നു. എന്നാല്‍, ആശങ്കകള്‍ക്ക് വിരാമമിട്ട് നവംബര്‍ അഞ്ചിന് ഒമാന്‍ ടിവിയില്‍ നേരിട്ട് പ്രത്യക്ഷപ്പെട്ടതോടെയാണ് സ്വദേശികളും വിദേശികളും ആഘോഷത്തിമിര്‍പ്പിലേക്ക് മടങ്ങിയത്. 
കഴിഞ്ഞ മാര്‍ച്ചിലാണ് സുല്‍ത്താന്‍ രാജ്യത്ത് തിരിച്ചത്തെിയത്. ദേശീയദിനമായ ഇന്ന് രാത്രി 30 മിനിറ്റ് നീളുന്ന കരിമരുന്ന് പ്രയോഗം മസ്കത്തില്‍ മൂന്നിടത്തായി അരങ്ങേറും. ദോഫാറിലും വെടിക്കെട്ട് ഉണ്ടാകും. മറ്റിടങ്ങളില്‍ വിവിധ ദിവസങ്ങളിലായിട്ടാകും വെടിക്കെട്ട് നടക്കുകയെന്ന് ദേശീയദിനാഘോഷ ഉന്നതതല കമ്മിറ്റി അറിയിച്ചു. 
അല്‍ ബുസ്താന്‍ റൗണ്ട് എബൗട്ട് മുതല്‍ ബര്‍ക്ക റൗണ്ട് എബൗട്ട് വരെ വര്‍ണവിളക്കുകള്‍ ദിവസങ്ങള്‍ക്ക് മുമ്പേ മിഴിതുറന്നിരുന്നു. റോഡുകളിലെയും വിവിധ കെട്ടിടങ്ങളിലെയും അലങ്കാരങ്ങള്‍ ഈ മാസം 30 വരെ ഉണ്ടാകും. ആഘോഷപരിപാടികളില്‍ സ്കൂള്‍ വിദ്യാര്‍ഥികളടക്കം 45,000ത്തോളം സ്വദേശികള്‍ പങ്കെടുക്കുമെന്ന് ഉന്നതതല കമ്മിറ്റി സെക്രട്ടറി ജനറല്‍ ശൈഖ് സബാ ബിന്‍ ഹംദാന്‍ അല്‍ സാദി അറിയിച്ചു. നാടും നഗരവും ആഘോഷത്തിന്‍െറ വര്‍ണപ്പൊലിമയിലാണ്. നാടെങ്ങും ഒമാന്‍െറ ത്രിവര്‍ണ പതാക പാറിക്കളിക്കുകയാണ്. കച്ചവടസ്ഥാപനങ്ങളും കെട്ടിടങ്ങളുമെല്ലാം ദീപപ്രഭയിലും അലങ്കാരങ്ങളിലും മുങ്ങിക്കഴിഞ്ഞു. അലങ്കാരസാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ പലയിടത്തും തിങ്കളാഴ്ച വൈകുന്നേരവും തിരക്ക് അനുഭവപ്പെട്ടു. അന്നം തരുന്ന നാടിന്‍െറ ആഘോഷത്തിന് പ്രവാസികളും ഒരുങ്ങിക്കഴിഞ്ഞു. വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ ഇന്ന് ദേശീയദിനാഘോഷം നടക്കും. കേക്ക്മുറിക്കല്‍, ഘോഷയാത്ര എന്നിങ്ങനെ വിവിധ പരിപാടികളാണ് വിവിധയിടങ്ങളില്‍ സംഘടിപ്പിച്ചിട്ടുള്ളത്. ദേശീയ ദിനത്തിന്‍െറ ഭാഗമായി വിവിധ രാഷ്ട്രത്തലവന്മാര്‍ സുല്‍ത്താന് ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.