മസ്കത്ത്: ഒമാനില്‍ ചൊവ്വാഴ്ച മുതല്‍ കനത്ത മഴക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. വടക്കന്‍ മേഖലകളില്‍ ശനിയാഴ്ച വരെ ഇടത്തരമോ ശക്തമായ മഴയോ അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ടില്‍ അറിയിച്ചു.
മസ്കത്ത്, മുസന്ദം, ദാഖിറ, ദാഖിലിയ, വടക്ക് തെക്കന്‍ ബാത്തിന മേഖലകളിലാണ് മഴയുണ്ടാകാനിട. ശക്തമായ ന്യൂനമര്‍ദത്തിന്‍െറ ഫലമായി ദോഫാറും അല്‍ വുസ്തയും ഒഴിച്ചുള്ള ഗവര്‍ണറേറ്റുകളില്‍ ഏറിയും കുറഞ്ഞും മഴ അനുഭവപ്പെടാനിടയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 25 നോട്ട് വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ മഴയില്‍ വാദികള്‍ നിറഞ്ഞൊഴുകാനിടയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി എന്നിവരില്‍നിന്നുള്ള നിര്‍ദേശമനുസരിച്ച് താമസക്കാര്‍ മുന്‍കരുതല്‍ നടപടികളെടുക്കണം. തണുപ്പുകാലം അടുക്കുന്നതിന്‍െറ സൂചനയായി വരും ദിവസങ്ങളില്‍ താപനില താഴുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അതിനിടെ, ഞായറാഴ്ച വൈകുന്നേരം മസ്കത്ത് അടക്കം പലയിടത്തും അന്തരീക്ഷം മേഘാവൃതമായി. ഒപ്പം, ശക്തമായ തണുത്തകാറ്റും അനുഭവപ്പെട്ടു. ഇതോടെ, സുഖകരമായ കാലാവസ്ഥയാണ് മസ്കത്ത് അടക്കം മേഖലകളില്‍ വൈകുന്നേരം മുതല്‍ അനുഭവപ്പെടുന്നത്. എല്‍നിനോ പ്രതിഭാസം മൂലം ഒമാനില്‍ ഒക്ടോബര്‍ മുതല്‍ പലതവണയായി ശക്തമായ മഴ പെയ്തിരുന്നു. ജനുവരി വരെ മഴയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കടല്‍ജലം ചൂടുപിടിക്കുന്നതുമൂലമുണ്ടാകുന്ന പ്രതിഭാസമാണ് എല്‍നിനോ. അറബിക്കടല്‍ ചൂടുപിടിച്ചതിനെ തുടര്‍ന്നുള്ള ന്യൂനമര്‍ദത്തിന്‍െറ ഫലമായി ഉണ്ടായ ‘ചപല’, ‘മേഘ്’ ചുഴലിക്കാറ്റുകള്‍ സലാല തീരത്തിന് ഭീഷണി ഉയര്‍ത്തിയിരുന്നു. യമനിലാണ് ഈ കാറ്റുകള്‍ ആഞ്ഞുവീശിയത്. കാറ്റിലും മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിലും യമനില്‍ മരണവും സ്വത്തുനാശവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.