ബജറ്റ് കമ്മി 2.93 ശതകോടി റിയാല്‍

മസ്കത്ത്: എണ്ണവിലയിടിവിനെ തുടര്‍ന്ന് രാജ്യത്തെ ബജറ്റ്കമ്മി കുതിക്കുന്നു. ഈ വര്‍ഷം ആദ്യത്തെ ഒമ്പതുമാസത്തെ കണക്കനുസരിച്ച് 2.93 ശതകോടി റിയാലാണ് ബജറ്റ് കമ്മിയെന്ന് ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്‍െറ കണക്കുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തിന്‍െറ ആദ്യ മൂന്നു പാദത്തില്‍ 136.1 ദശലക്ഷം റിയാല്‍ മിച്ചവരുമാനം ലഭിച്ച സ്ഥാനത്താണിത്. ഒമാന്‍ സര്‍ക്കാറിന്‍െറ മുഖ്യവരുമാന മാര്‍ഗമായ എണ്ണയില്‍നിന്നുള്ള വരുമാനത്തില്‍ 45.5 ശതമാനത്തിന്‍െറ ഇടിവാണുണ്ടായത്. 4,257.1 ദശലക്ഷം റിയാലാണ് ഒമ്പത് മാസം എണ്ണയില്‍നിന്നുള്ള വരുമാനമായി ലഭിച്ചത്. കഴിഞ്ഞവര്‍ഷം 105.45 ഡോളറായിരുന്ന എണ്ണയുടെ വില 44.4 ശതമാനം കുറഞ്ഞ് 58.6 ഡോളറായി. എണ്ണവിലയിടിവ് മറികടക്കാന്‍ സര്‍ക്കാര്‍ എണ്ണയുടെ ഉല്‍പാദനം വര്‍ധിപ്പിച്ചിരുന്നു. പ്രതിദിനം 977,000 ബാരല്‍ എന്ന തോതില്‍ 297.01 ദശലക്ഷം ബാരല്‍ എണ്ണയാണ് ഈ വര്‍ഷത്തെ ആദ്യ പത്തുമാസം ഉല്‍പാദിപ്പിച്ചത്. കഴിഞ്ഞവര്‍ഷം ഉല്‍പാദനം 287.83 ദശലക്ഷം റിയാലായിരുന്നു. രാഷ്ട്രത്തിന്‍െറ മൊത്തം വരുമാനത്തിലും 35.9 ശതമാനം ഇടിവുണ്ടായി. 
കഴിഞ്ഞവര്‍ഷം 10,463.4 ദശലക്ഷം റിയാലായിരുന്ന വരുമാനം 6,711.6 ദശലക്ഷം റിയാലായാണ് കുറഞ്ഞത്. എണ്ണവിലയിടിവിന് അനുസൃതമായി പൊതുചെലവ് കുറക്കുന്ന നടപടികള്‍ ഫലം കാണുന്നതായും കണക്കുകള്‍ പറയുന്നു. കഴിഞ്ഞവര്‍ഷം 9,327.3 ദശലക്ഷം റിയാലായിരുന്ന പൊതുചെലവ് 5.7 ശതമാനം കുറഞ്ഞ് 8,795.9 ദശലക്ഷം റിയാല്‍ ആയിട്ടുണ്ട്. ബജറ്റ് തയാറാക്കുമ്പോള്‍ 14.1 ശതകോടി റിയാല്‍ പൊതുചെലവും 2.5 ശതകോടി റിയാല്‍ ബജറ്റ് കമ്മിയുമെന്നാണ് കണക്കാക്കിയിരുന്നത്. 
ബജറ്റ് കമ്മി കുറക്കാന്‍ സര്‍ക്കാര്‍ അടുത്തിടെ ഇസ്ലാമിക് ബോണ്ടുകള്‍ പുറത്തിറക്കിയിരുന്നു. ബജറ്റ് കമ്മി മറികടക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ കടമെടുക്കലുകള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെ മിച്ച വരുമാനവും കമ്മി നികത്താന്‍ ഉപയോഗിച്ചേക്കാം. എണ്ണവില അടുത്തെങ്ങും തിരിച്ചുകയറാന്‍ സാധ്യതയില്ലാത്തതിനാല്‍ അടുത്ത വര്‍ഷത്തെ ബജറ്റില്‍ പൊതുചിലവില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനും  നികുതി വര്‍ധനവ്, ഇന്ധന സബ്സിഡി കുറക്കല്‍,ജലം വൈദ്യുതി നിരക്ക് വര്‍ധന തുടങ്ങിയവക്കും സര്‍ക്കാര്‍ മുതിര്‍ന്നാല്‍ അല്‍ഭുതപ്പെടാനില്ളെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.