ഇന്ത്യന്‍ സ്കൂളുകളില്‍ ഷിഫ്റ്റ് സംവിധാനം ഒഴിവാക്കാന്‍ ശ്രമിക്കും –ബോര്‍ഡ് ചെയര്‍മാന്‍

മസ്കത്ത്: തലസ്ഥാന നഗരിയിലെ ഇന്ത്യന്‍ സ്കൂളുകളിലെ വൈകുന്നേര ഷിഫ്റ്റ് പൂര്‍ണമായി ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ചെയര്‍മാനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വില്‍സന്‍ വി. ജോര്‍ജ് ‘ഗള്‍ഫ് മാധ്യമ’ ത്തോട് പറഞ്ഞു. രണ്ടു വര്‍ഷത്തിനുള്ളില്‍ ഇത് നടപ്പാക്കാന്‍ ശ്രമിക്കും. അല്‍ അന്‍സാബ്, അല്‍ അമിറാത്ത്, ബര്‍ക എന്നിവിടങ്ങളില്‍ പുതിയ സ്കൂളുകള്‍ സ്ഥാപിച്ചാണ് ഷിഫ്റ്റ് ഒഴിവാക്കുക. ഇതില്‍ അല്‍ അന്‍സാബ് സ്കൂളിന്‍െറ അംഗീകാരം ഏതാണ്ട് ലഭിച്ചുകഴിഞ്ഞതായും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 
അല്‍ അന്‍സാബില്‍ സ്കൂള്‍ കെട്ടിടത്തിന് സ്ഥലം നേരത്തേ ലഭിച്ചിരുന്നു. ട്രാഫിക് പഠന റിപ്പോര്‍ട്ട് അടക്കം സുരക്ഷാ വിഷയങ്ങള്‍ കാരണമാണ് നിര്‍മാണം വൈകിയത്. പ്രത്യേക അന്താരാഷ്ട്ര  പഠനസംഘത്തെ നിയോഗിച്ച് ട്രാഫിക് പഠന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞവര്‍ഷം തയാറാക്കി അധികൃതര്‍ക്ക് നല്‍കിയിരുന്നു. 
ഇതിന്‍െറ അടിസ്ഥാനത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് അംഗീകാരവും ലഭിച്ചിട്ടുണ്ട്. അല്‍ അമിറാത്ത്, ബര്‍ക എന്നിവിടങ്ങളില്‍ സ്കൂളുകള്‍ നിര്‍മിക്കുന്നതിനുള്ള  നടപടിക്രമങ്ങള്‍ കഴിഞ്ഞ ഭരണസമിതിയുടെ കാലത്തുതന്നെ തുടങ്ങിവെച്ചതായും ഈ ഭരണസമിതി സംരംഭവുമായി മുന്നോട്ടുപോവുമെന്നും അദ്ദേഹം പറഞ്ഞു. മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ അംഗബലം കുറക്കാനും പദ്ധതിയുണ്ട്. ഷിഫ്റ്റ് ഒഴിവാക്കാനും മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ അംഗബലം കുറക്കാനും  പുതിയ സ്കൂളുകളില്‍ 4000 മുതല്‍ 5000 വരെ സീറ്റുകള്‍ പുതുതായി ഉണ്ടാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
നിലവില്‍ വാദീ കബീര്‍, മസ്കത്ത്, ദാര്‍സൈത്ത് എന്നിവിടങ്ങളിലാണ് വൈകുന്നേര ഷിഫ്റ്റുകളുള്ളത്. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനും മറ്റും വൈകുന്നേര ഷിഫ്റ്റ് ഒഴിവാക്കല്‍ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 
സ്കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷക്ക് മുന്തിയ പ്രാധാന്യം നല്‍കും. ഇതിന്‍െറ ഭാഗമായി എല്ലാ സ്കൂളുകളിലും സുരക്ഷിത ഗതാഗത സംവിധാനം നടപ്പാക്കും. മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍ ഈ പദ്ധതി ഉടന്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മസ്കത്ത് സ്കൂളില്‍ ഇതിന്‍െറ നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. മറ്റു സ്കൂളുകളിലും അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ സുരക്ഷാ ബസ് സംവിധാനം നടപ്പാക്കാന്‍ ശ്രമിക്കും. 
നിരവധി പദ്ധതികള്‍ക്ക് കഴിഞ്ഞ ബോര്‍ഡ് കാലത്ത് ആരംഭം കുറിച്ചിരുന്നു. ചില പദ്ധതികള്‍ 50 ശതമാനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇവ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. നേരത്തേ നടപ്പാക്കിയ പദ്ധതികളുടെ വിഷയത്തില്‍ പരിഷ്കരണം ആവശ്യമെങ്കില്‍ അതും നടപ്പാക്കും. പദ്ധതി സംബന്ധമായ വിശദമായ ചര്‍ച്ച നടത്തുകയും പുതിയ അംഗങ്ങളുടെ അഭിപ്രായം തേടുകയും ചെയ്യും. കഴിഞ്ഞ ഭരണസമിതി നടപടിക്രമങ്ങള്‍ സുതാര്യമാക്കാന്‍ വിവിധ മാന്വലുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്നു. പര്‍ചേസ് മാന്വല്‍, അക്കാദമിക് മാന്വല്‍, സുരക്ഷാ മാന്വല്‍, മാനവ വിഭവ മാന്വല്‍ എന്നിവയാണ് ഇവ. ഇതില്‍ പര്‍ചേസ് മാന്വല്‍ അടുത്തിടെ പ്രകാശനം ചെയ്തിരുന്നു. 
അക്കാദമിക്, മാനവ വിഭവ മാന്വലുകളുടെ കരട് രേഖ തയാറായിട്ടുണ്ട്. ഇവയുടെ പ്രകാശനം ഈ വര്‍ഷംതന്നെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകരും രക്ഷിതാക്കളും സ്കൂള്‍ ബോര്‍ഡും തമ്മിലെ ബന്ധം ഊട്ടിയുറപ്പിക്കുന്നതടക്കമുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.