മസ്കത്ത്: വിദേശ നിക്ഷേപ നിയന്ത്രണങ്ങൾ വിപുലപ്പെടുത്തി ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ഈ ഉത്തരവ് പ്രകാരം 28 മേഖലകൾ കൂടി ഒമാനി നിക്ഷേപകർക്ക് മാത്രമായി പരിമിതപ്പെടുത്തി. ഇതോടെ മൊത്തം വിദേശ നിക്ഷേപ നിയന്ത്രിത മേഖലകൾ 123 ആയി ഉയർന്നു.
കരകൗശല വസ്തുക്കൾ, ചർമ സംരക്ഷണ സേവനങ്ങൾ, ഇവന്റ്, ഫർണിച്ചർ വാടക, പരമ്പരാഗത കരകൗശല വസ്തുക്കളുടെ ഉൽപാദനം, ഉപയോഗിച്ച വാഹനങ്ങളുടെ ചില്ലറ വിൽപന തുടങ്ങിയവ പുതുതായി വിദേശ നിക്ഷേപ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. ഒമാനി സമ്പദ്വ്യവസ്ഥയെ മെച്ചപ്പെടുത്തുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങളെ ശാക്തീകരിക്കുന്നതിന് ഗവൺമെന്റ് മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
ഇതു വഴി ഗുണനിലവാരമുള്ള നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും സംരംഭകത്വ പദ്ധതികൾ പ്രോത്സാഹിപ്പിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ. ആഭ്യന്തര നിക്ഷേപത്തിന് കൂടുതൽ ആകർഷകമായ അന്തരീക്ഷം ഒരുക്കലും ഒമാനി ഉടമസ്ഥതയിലുള്ള ബിസിനസുകളുടെ വികസനത്തെ പിന്തുണക്കലും തീരുമാനത്തിന്റെ ലക്ഷ്യമാണ്.
നിലവിലെ നിക്ഷേപ പദ്ധതികളെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ ഉത്തരവ് പ്രകാരം വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രിയുടെയോ അവരുടെ പ്രതിനിധിയുടെയോ രേഖാമൂലമുള്ള അനുമതിയില്ലാതെ നിലവിലുള്ള നിക്ഷേപ പദ്ധതികൾ കൈമാറ്റം ചെയ്യാനാകില്ല.
1. മൊബൈൽ കഫേ
2.ശുദ്ധജല മത്സ്യകൃഷി
3. പഴയ മെയിൽബോക്സ് വാടകക്ക് നൽകുന്ന സേവനങ്ങൾ
4. പബ്ലിക് ക്ലർക്ക് സേവനങ്ങൾ
5. സനദ് സേവന കേന്ദ്രം
6. എൽ.പി.ജി (പാചക വാതകം) ഫില്ലിങ് സ്റ്റേഷനുകളുടെ മാനേജ്മെന്റും പ്രവർത്തനവും
7. ഉപയോഗിച്ച ബാറ്ററികളും എണ്ണകളും ശേഖരിക്കൽ
8. ഗ്രോസറികൾ
9. പൂക്കളും ഔഷധച്ചെടികളും വാറ്റിയെടുത്ത് കരകൗശല ഉൽപന്നങ്ങൾ ഉണ്ടാക്കൽ
10. കുന്തിരക്ക വെള്ളവും എണ്ണയും ഉത്പാദിപ്പിക്കുന്നതിനുള്ള കരകൗശല ഉൽപന്നങ്ങളുടെ നിർമാണം
11. ലെതർ കരകൗശല വസ്തുക്കൾ ഉണ്ടാക്കൽ
12. ഈന്തപ്പനയോലയിൽ നിന്നുള്ള കരകൗശല ഉൽപന്നങ്ങളുടെ നിർമാണം
13. മരത്തിൽനിന്നുള്ള കരകൗശല ഉൽപന്ന നിർമാണം
14. ധൂപവർഗം ഉണ്ടാക്കുകയും തയാറാക്കുകയും ചെയ്യൽ
15. സൗന്ദര്യവർധക വസ്തുക്കൾക്കും സുഗന്ധദ്രവ്യങ്ങൾക്കുമായുള്ള കരകൗശല ഉൽപന്നങ്ങൾ നിർമിക്കൽ
16. മൺപാത്രങ്ങൾ, പോർസലൈൻ എന്നിവയിൽനിന്ന് കരകൗശല ഉൽപന്നങ്ങൾ നിർമിക്കൽ
17. കല്ല്, ജിപ്സം എന്നിവയിൽനിന്ന് കരകൗശല വസ്തുക്കൾ ഉണ്ടാക്കൽ
18. വെള്ളി കരകൗശല വസ്തുക്കൾ ഉണ്ടാക്കൽ
19. ചെമ്പ്,ലോഹങ്ങൾ എന്നിവയിൽനിന്ന് കരകൗശല ഉൽപന്നങ്ങൾ നിർമിക്കൽ
20. അലൂമിനിയത്തിൽ നിന്ന് കരകൗശല ഉൽപന്നങ്ങൾ നിർമിക്കൽ
21. പരമ്പരാഗത മത്സ്യബന്ധന ഉപകരണങ്ങളിൽ നിന്ന് കരകൗശല ഉൽപന്നങ്ങൾ നിർമിക്കൽ
22. ചർമ സംരക്ഷണ സേവനങ്ങൾ
23. ഇവന്റ് സപ്ലൈകളും ഫർണിച്ചർ വാടകയും
24.സ്ക്രാപ്പ് നിർമാണ സാമഗ്രികളുടെ പ്രത്യേക സ്റ്റോറുകളിൽ ചില്ലറ വിൽപന (സ്ക്രാപ്പ് ഇരുമ്പ് വ്യാപാരം ഉൾപ്പെടെ)
25. കുടിവെള്ളത്തിന്റെ പ്രത്യേക സ്റ്റോറുകളിലെ ചില്ലറ വിൽപന (ഉൽപാദനവും ഗതാഗതവും ഒഴികെ)
26. നടീലിനും അലങ്കാരത്തിനും തൈകൾക്കും വേണ്ടി സസ്യങ്ങൾ വളർത്തൽ (നഴ്സറികൾ)
27. ഉപയോഗിച്ച വാഹനങ്ങളുടെ വിൽപന
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.