സമ്പൂര്‍ണ സ്വദേശിവത്കരണം അപ്രായോഗികം –സാലിം ബിന്‍ നാസര്‍ അല്‍ ഒൗഫി

മസ്കത്ത്: ഏതെങ്കിലും മേഖലയില്‍ നൂറു ശതമാനം സ്വദേശിവത്കരണം കൈവരിക്കുകയെന്നത് പ്രയാസകരമായ ലക്ഷ്യമാണെന്ന് എണ്ണ, പ്രകൃതി വാതക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സാലിം ബിന്‍ നാസര്‍ അല്‍ ഒൗഫി. 70 ശതമാനം സ്വദേശിവത്കരണം പോലും കൈവരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ളെന്ന് മസ്കത്തില്‍ പി.ഡി.ഒയുടെ പരിപാടിക്കത്തെിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 17 ലക്ഷത്തോളം പ്രവാസികളാണ് ഒമാനിലുള്ളത്. ഇത്രയും തൊഴിലന്വേഷകര്‍ ഒമാനില്‍ ഇല്ല. മതിയായ സാങ്കേതിക പരിജ്ഞാനമുള്ള ഒമാനികളുണ്ടെങ്കില്‍ പതിനായിരക്കണക്കിന് തൊഴിലുകള്‍ സ്വദേശിവത്കരിക്കാം. എല്ലാ മേഖലകളിലും സ്വദേശിവത്കരണമെന്നത് അപ്രായോഗികമായ ലക്ഷ്യമാണ്. ആവശ്യത്തിനനുസരിച്ച് സ്വദേശി തൊഴിലാളികളെ ലഭ്യമാക്കാന്‍ മതിയായ പരിശീലനം നല്‍കുക മാത്രമാണ് പോംവഴിയെന്നും അല്‍ ഒൗഫി പറഞ്ഞു. സ്വദേശിവത്കരണം വളര്‍ച്ചയുടെ പാതയിലാണെന്നും എന്നാല്‍ ഇതിന് പ്രവാസിയെ നിര്‍ബന്ധമായി മാറ്റി പകരം സ്വദേശിക്ക് തൊഴില്‍ നല്‍കുക എന്ന് അര്‍ഥമില്ളെന്നും അല്‍ ഒൗഫി കൂട്ടിച്ചേര്‍ത്തു. 
ഏപ്രില്‍ 17ന് ദോഹയില്‍ നടക്കുന്ന ഒപെക്- ഒപെക് ഇതര രാഷ്ട്രങ്ങളുടെ യോഗത്തെക്കുറിച്ച ചോദ്യത്തിന് എണ്ണയുല്‍പാദക രാഷ്ട്രങ്ങള്‍ ഏറെ കാത്തിരിക്കുന്നതാണ് അന്നത്തെ യോഗമെന്ന് അല്‍ ഒൗഫി പറഞ്ഞു. ഇന്നത്തെ നിലവാരത്തില്‍ എണ്ണവില തുടര്‍ന്നാല്‍ എണ്ണയുല്‍പാദക രാഷ്ട്രങ്ങള്‍ക്കും കമ്പനികള്‍ക്കും പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. അതിനാല്‍, വിലനിലവാരം ഉയരേണ്ടതുണ്ട്. ഇതിന് അനുയോജ്യമായ തീരുമാനം അന്നത്തെ യോഗത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 
എല്ലാ രാഷ്ട്രങ്ങളും ഒരുമിച്ച് ഉല്‍പാദനം കുറച്ചാല്‍ ഒമാനും അതിനൊപ്പം നില്‍ക്കും. യോഗത്തില്‍ പങ്കെടുക്കുന്ന എണ്ണ, പ്രകൃതി വാതക മന്ത്രി ഡോ. മുഹമ്മദ് ബിന്‍ ഹമദ് അല്‍ റുംഹിയും ഈ സന്ദേശമാകും നല്‍കുക. വില എത്രത്തോളം ഉയരുന്നുവോ അത്രത്തോളം ഒമാന് സന്തോഷമാകും ഉണ്ടാവുകയെന്നും അല്‍ ഒൗഫി പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.