എണ്ണയുല്‍പാദകരുടെ  സമ്മേളനത്തില്‍ ഒമാനടക്കം  14 രാഷ്ട്രങ്ങള്‍ പങ്കെടുക്കും

മസ്കത്ത്: ഈമാസം 17ന് ദോഹയില്‍ നടക്കുന്ന എണ്ണയുല്‍പാദകരുടെ സമ്മേളനത്തില്‍ ഒമാനടക്കം 14 രാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും. എണ്ണവിപണിയിലെ ചാഞ്ചാട്ടം ഉല്‍പാദക രാഷ്ട്രങ്ങളുടെ സാമ്പത്തിക സ്ഥിതി അസ്ഥിരപ്പെടുത്തുന്ന സാഹചര്യത്തിലാണ് യോഗം. 
വിലസ്ഥിരത കൈവരിക്കുന്നതിനായി ഉല്‍പാദന നിയന്ത്രണമടക്കം സ്വീകരിക്കേണ്ട മാര്‍ഗങ്ങളെകുറിച്ച് ധാരണയില്‍ എത്തുന്നതിനായാണ് യോഗം ചേരുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ സൗദി അറേബ്യ, ഖത്തര്‍, വെനിസ്വേല എന്നീ ഒപെക് രാഷ്ട്രങ്ങളും ഒപെകിന് പുറത്തുള്ള റഷ്യയും യോഗം ചേര്‍ന്ന് ഉല്‍പാദനം കുറക്കാന്‍ തീരുമാനിച്ചിരുന്നു. 
ഇക്കാര്യത്തില്‍ സമവായത്തിലത്തെുന്നതിനായി ഖത്തര്‍ ആണ് മറ്റു ഉല്‍പാദക രാഷ്ട്രങ്ങളുടെയും പ്രമുഖ ഉല്‍പാദകരുടെയും യോഗം വിളിച്ചത്. ഒമാനെ പ്രതിനിധാനംചെയ്ത് എണ്ണ, പ്രകൃതി വാതക മന്ത്രി ഡോ. മുഹമ്മദ് ബിന്‍ ഹമദ് അല്‍ റുംഹി സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. 
വിപണിയില്‍ അടിയന്തര പ്രാധാന്യത്തോടെ സന്തുലിതത്വം കൊണ്ടുവരേണ്ടതുണ്ടെന്നും അതുവഴി മാത്രമേ ആഗോള സമ്പദ്വ്യവസ്ഥയില്‍ വീണ്ടെടുപ്പ് പ്രതീക്ഷിക്കാന്‍ കഴിയുകയുള്ളൂവെന്നും ഖത്തര്‍ അറിയിച്ചു. ഇതുവരെ 15 ഉല്‍പാദക രാഷ്ട്രങ്ങള്‍ യോഗത്തില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഒമാനുപുറമെ അല്‍ജീരിയ, അംഗോള, ഇക്വഡോര്‍, ഇന്തോനേഷ്യ, ഇറാന്‍, ഇറാഖ്, കുവൈത്ത്, നൈജീരിയ, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ, വെനിസ്വേല, റഷ്യ, ബഹ്റൈന്‍, മെക്സികോ എന്നീ രാഷ്ട്രങ്ങളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. മറ്റ് ഉല്‍പാദക രാഷ്ട്രങ്ങളെല്ലാം സമ്മതിക്കുന്ന പക്ഷം അഞ്ചുമുതല്‍ പത്തു ശതമാനം വരെ ഉല്‍പാദനം കുറക്കാന്‍ സന്നദ്ധമാണെന്ന് ഒമാന്‍ നേരത്തേ അറിയിച്ചിരുന്നു. 
പി.ഡി.ഒയുടെ ഉല്‍പാദനത്തില്‍ കുറവുവരുത്തുക വഴി ഒമാന് ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.