ഇന്ധന വിലവര്‍ധന: ഡീസല്‍ കള്ളക്കടത്തില്‍ ഗണ്യമായ കുറവ്

മസ്കത്ത്: ഇന്ധനവില വര്‍ധിച്ചതോടെ ഒമാനില്‍നിന്ന് അയല്‍രാജ്യങ്ങളിലേക്കുള്ള ഡീസല്‍ കള്ളക്കടത്തില്‍ സാരമായ കുറവ്. കഴിഞ്ഞ ജനുവരിയില്‍ ഇന്ധനവില നിയന്ത്രണം നീക്കുംമുമ്പ് ഒമാനിലായിരുന്നു മറ്റു ജി.സി.സി രാഷ്ട്രങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ഡീസല്‍ വില. ഡീസല്‍ വില അമ്പതു ശതമാനത്തോളം വര്‍ധിച്ചതോടെ കള്ളക്കടത്ത് ആദായകരമല്ലാതായി. 
ഇതോടൊപ്പം, പിടിയിലാകുന്നവര്‍ക്കുള്ള ശിക്ഷാ വ്യവസ്ഥകളും കള്ളക്കടത്തുകാരെ പിന്നോട്ടടിപ്പിച്ചതായി ആര്‍.ഒ.പി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഗള്‍ഫ്ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അല്‍ വജാജ, ഖത്മത്ത് മലാഹ, വാദി ജിസി അതിര്‍ത്തികളില്‍ വിലവര്‍ധനക്ക് ശേഷം വളരെ കുറച്ച് കള്ളക്കടത്ത് സംഭവങ്ങള്‍ മാത്രമാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ട് പറയുന്നു. യു.എ.ഇയിലേക്കും മറ്റുമുള്ള കള്ളക്കടത്ത് വ്യാപകമായിരുന്ന സമയത്ത് രാജ്യത്തിന് ദശലക്ഷക്കണക്കിന് റിയാലിന്‍െറ വരുമാന നഷ്ടമാണ് സംഭവിച്ചിരുന്നത്. വിലവര്‍ധനക്കുമുമ്പ് കള്ളക്കടത്തുകാര്‍ക്ക് ഒരു ദിവസം 200 റിയാല്‍ വരെ എളുപ്പത്തില്‍ നേടാന്‍ കഴിയുമായിരുന്നു. യു.എ.ഇയിലേക്കുള്ളത് കുറഞ്ഞെങ്കിലും മുസന്ദമില്‍ ഇപ്പോഴും കള്ളക്കടത്ത് സജീവമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഖസബില്‍നിന്ന് 45 മിനിറ്റ് യാത്രചെയ്താല്‍ എത്തുന്ന ഇറാനിയന്‍ ദ്വീപായ കിഷിലേക്ക് സ്പീഡ്ബോട്ടുകളിലാണ് ഡീസല്‍ കടത്തുന്നത്. 
ഇത് തടയുന്നതിനായി ഒമാന്‍ കടലില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നേരത്തേ ട്രക്കുകളിലായിരുന്നു ഡീസല്‍ അയല്‍രാജ്യങ്ങളിലേക്ക് പ്രധാനമായി കടത്തിയിരുന്നത്. അടിയില്‍ പ്രത്യേക ടാങ്കുകള്‍ ഘടിപ്പിച്ചായിരുന്നു ഡീസല്‍ കടത്ത്. കള്ളക്കടത്ത് രീതി തിരിച്ചറിഞ്ഞ ആര്‍.ഒ.പി 2014ല്‍ ട്രക്കുകളില്‍ നിരീക്ഷണം കര്‍ശനമാക്കി. നിരീക്ഷണത്തിനും പരിശോധനകള്‍ക്കും ഒടുവില്‍ 2015ല്‍ ഇരുപതിലധികം കള്ളക്കടത്തുകാരെ പിടികൂടി. ഇതില്‍ കൂടുതല്‍ പേരും വിദേശികളായിരുന്നു. ഇവര്‍ക്ക് നാലുവര്‍ഷം ജയില്‍ ശിക്ഷക്ക് ഒപ്പം പത്തുലക്ഷം റിയാല്‍ പിഴ വിധിക്കുകയും ചെയ്തു. 
ഈ വര്‍ഷം ഏപ്രിലില്‍ മുസന്ദത്തെ ക്രിമിനല്‍ കോടതി വിദേശികളെ ഡീസല്‍ കള്ളക്കടത്തിന് സഹായിച്ച ഇന്ധന വിതരണ കമ്പനിയിലെ ചില ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ഒരു യു.എ.ഇ പൗരനും വിദേശിയുമടക്കം നാലുപേര്‍ക്ക് മൂന്നുവര്‍ഷം വീതം തടവുശിക്ഷയും നാലു ദശലക്ഷം റിയാല്‍ പിഴയുമാണ് വിധിച്ചത്. കേസില്‍ പ്രതികളായ രണ്ട് വിദേശികള്‍ രാജ്യത്തുനിന്ന് ഒളിച്ചോടിയിട്ടുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.